Asianet News MalayalamAsianet News Malayalam

ഗൗരി ലങ്കേഷിന്റെയും നരേന്ദ്ര ധാബോല്‍കറിന്റെയും കൊലപാതകങ്ങള്‍ തമ്മില്‍ നിര്‍ണായക ബന്ധം: സിബിഐ

ഇരുവരെയും കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് സിബിഐ പൂണെ കോടതിയെ അറിയിച്ചു. നരേന്ദ്ര ധാബോല്‍കറിലെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ സച്ചിന്‍ ആന്‍ഡൂറിന്റെ കസ്റ്റഡി കാലാവധി നീട്ടി വാങ്ങുന്നതിനായി പൂണെയിലെ ശിവാജിനഗര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വാദത്തിനിടെയാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

Dabholkar, Gauri Lankesh murders linked CBI
Author
Pune, First Published Aug 26, 2018, 11:46 PM IST

ബംഗളൂരു: മുതിർന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും യുക്തിവാദി നേതാവ് നരേന്ദ്ര ധാബോല്‍കറിന്റെയും കൊലപാതകങ്ങള്‍ തമ്മില്‍ നിര്‍ണായക ബന്ധമെന്ന് സിബിഐ. ഇരുവരെയും കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് സിബിഐ പൂണെ കോടതിയെ അറിയിച്ചു. നരേന്ദ്ര ധാബോല്‍കറിലെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ സച്ചിന്‍ ആന്‍ഡൂറിന്റെ കസ്റ്റഡി കാലാവധി നീട്ടി വാങ്ങുന്നതിനായി പൂണെയിലെ ശിവാജിനഗര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വാദത്തിനിടെയാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

ഗൗരി ലങ്കേഷ് വധകേസിലെ പ്രതികളിൽ ഒരാളാണ് തനിക്ക് തോക്കും, മൂന്ന് ബുള്ളറ്റുകളും കൈമാറിയതെന്ന് സച്ചിൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി‌യിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സച്ചിന്‍ ആന്‍ഡുരിന്റെ ബന്ധുവിന്റെ കൈയ്യില്‍നിന്ന് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനുപയോഗിച്ച തോക്ക് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത തോക്കിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് നരേന്ദ്ര ധബോല്‍ക്കര്‍ വധവും ഗൗരി ലങ്കേഷ് വധവും തമ്മില്‍ നിര്‍ണായക ബന്ധമുണ്ടെന്ന് വ്യക്തമായത്. കഴിഞ്ഞയാഴ്ച ഔറംഗബാദിൽനിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 30 വരെ സച്ചിന്‍ അന്‍ഡൂറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി നല്‍കിയിട്ടുണ്ട്.  

പൂണെയിലെ ഓംകരേശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് നരേന്ദ്ര ധാബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടനെ ഇദ്ദേഹത്തെ സാസൂണ്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു.  ശരീരത്തില്‍നിന്നും നാല് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. ധാബോല്‍ക്കര്‍ വധക്കേസിൽ വീരേന്ദ്ര താവ്ഡെയെ മുഖ്യപ്രതിയാക്കി 2016 സെപ്റ്റംബർ അഞ്ചിന് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച് കൃത്യം ഒരുവർഷത്തിനുശേഷമാണ് 2017 സെപ്റ്റംബർ അഞ്ചിന് ബംഗളൂരുവിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. നാല് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയിരുന്നത്.  

Follow Us:
Download App:
  • android
  • ios