Asianet News MalayalamAsianet News Malayalam

ധബോൽക്കറുടെ കൊലപാതകം: പിടിയിലായാളെ കസ്റ്റഡിയിൽ വിട്ടു

Dabholkar murder case accused in CBI custody
Author
Mumbai, First Published Jun 12, 2016, 2:50 AM IST

മുംബൈ: സാമൂഹ്യപ്രവർത്തകനും യുക്തിവാദിയുമായ നരേന്ദ്ര ധബോൽക്കറെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ വിരേന്ദ്ര താവ്ഡെയെ ജൂൺ പതിനാറുവരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. കൊലനടന്ന് മൂന്ന് വർഷമാകുമ്പോഴാണ് കേസിലെ ആദ്യ അറസ്റ്റ്. ധബോൽക്കറെ കൊലചെയ്യാനായി ഗൂഡാലോചന  നടത്തിയവരെ സിബിഐ കണ്ടെത്തണമെന്ന് ധബോൽകറുടെ മകൻ ഹാമിദ് ധബോൽകർ ആവശ്യപ്പെട്ടു. 

2013 ആഗസ്ത് ഇരുപതിന് രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു ബൈക്കിലെത്തി അക്രമിസംഘം ധാബോൽക്കറെ വെടിവെച്ചുകൊന്നത്. അന്ധവിശ്വാസത്തിനെതിരെയുള്ള നിയമം പാസാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച് ദിവസങ്ങൾ കയിയും മുമ്പെയാണ് ബില്ലിനായി വാദിച്ച ധബോൽക്കർ കൊല്ലപ്പെട്ടത്. 

കൊലപാതകത്തിനു പിന്നിൽ തീവ്ര വലതുപക്ഷ സംഘടനയായ സനാതൻ സൻസ്തയാണെന്ന് ആക്ഷേപം ഉയർന്നു. സൻസ്തയുടെ  വെബ്സൈറ്റിൽ ധബോൽക്കർക്കെതിരെ ഫോട്ടോയടക്കമുള്ള പരാമർശവും ഉണ്ടായിരുന്നതാണ് സംശയം ബലപ്പെടുത്തിയത്. കേസ് ആദ്യം അന്വേഷിച്ച പൂനെ പോലീസിനോ പിന്നീട് ഏറ്റെടുത്ത മുംബൈ ക്രൈം ബ്രാഞ്ചിനോ  പ്രതികളെപിടികൂടാൻ കഴിയാതെവന്നതോടെ സിബിഐ എത്തി. 

എന്നാൽ കേസേറ്റെടുത്ത് വർഷം ഒന്നു പിന്നിട്ടിട്ടും സിബിഐക്ക് പ്രതികളിലേക്കെത്താൻ കഴിയാതെ വന്നപ്പോൾ ബോംബെ ഹൈക്കോടതിയുടെ വിമർശനവും കേൾക്കേണ്ടിവന്നു. ഒടുക്കം കൊലനടന്ന് മൂന്ന് വർഷംതികയാറാകുമ്പോഴാണ് മുഖ്യപ്രതി പിടിയിലാകുന്നത്. സനാതൻ സൻസ്തയുടെ പ്രവർത്തകനും ഡോക്ടറുമായ താവ്ഡെയെ കഴിഞ്ഞ ആഴ്ച സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ്. താവ്ഡെയുടെ വീട്ടിൽനിന്നും കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചതായി സൂചനയുണ്ട്. 

കേസിൽ മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന സാരംഗ് അകോൽക്കർ ഒളിവിലാണ്. കൊലപാതകത്തിന്‍റെ ഗൂഡാലോചനക്കാരെ സിബിഐ വെളിച്ചത്ത്കൊണ്ടുവരണമെന്ന് നരേന്ദ്ര ധബോൽകറിന്റെ മകൻ ഹാമിദ് ധബോൽക്കർ ആവശ്യപ്പെട്ടു. ധബോൽകറിന്റെ മരണശേഷം സമാനരീതിയിൽ കൊല്ലപ്പെട്ട സിപിഐ നേതാവ് ഗോവിന്ദ് പൻസാരെയുടെയും കർണാകടയിൽ കൊല്ലപ്പെട്ട  എംഎം കൽബുർഗിയുടെയും ഘാതകരെ പിടികൂടാൻ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Follow Us:
Download App:
  • android
  • ios