പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടിയെ കബളിപ്പിച്ചത്. പെണ്‍കുട്ടിയെയും പിതാവിനെയും കസ്റ്റഡിയിലെടുത്തു

കൊൽക്കട്ട: മകളെ വഞ്ചിച്ച കാമുകനെ അച്ഛൻ തട്ടിക്കൊണ്ടുപോയി മർ​ദ്ദിച്ചു. കൊൽക്കത്തയിലെ റീജന്‍റ് പാർക്കിന് സമീപത്തുവച്ചാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പയ്യനാണ് പെണ്‍കുട്ടിയെ കബളിപ്പിച്ചത്. പൊലീസ് പറയുന്നതിങ്ങനെയാണ്. കാമുകനെ കാണാൻ പെൺകുട്ടി സ്കൂളിലെത്തി. എന്നാല്‍ അവിടെ കാമുകനെ കാണാത്തതിനാൽ തിരഞ്ഞ് തിയേറ്ററിൽ എത്തുകയായിരുന്നു. 

തിയേറ്ററിൽവച്ച് കാമുകനൊപ്പം മറ്റൊരു പെൺകുട്ടിയെ കണ്ട പെൺകുട്ടി ഉറക്കെ നിലവിളിക്കാൻ തുടങ്ങി. എന്നാൽ കൂടെ ഉണ്ടായിരുന്ന് പെൺകുട്ടിയുമായി തനിക്കൊരു ബന്ധമില്ലെന്ന് എത്ര പറഞ്ഞിട്ടും പെൺകുട്ടി ചെവി കൊടുത്തില്ല. കരച്ചിൽകേട്ട് ആളുകൾ കൂടുകയും പെൺകുട്ടിയുടെ അച്ഛനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു.

വിവരം കേട്ടയുടൻ തിയേറ്ററിലെത്തിയ അച്ഛൻ മകളോടൊപ്പം കാമുകനെയും കാറിൽ ബലമായി പിടിച്ചുകയറ്റി. തുടർന്ന് റീജന്റ് പാർക്കിലെ തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുവരുകയും കാമുകനെ മര്‍ദ്ദിക്കുകയായിരുന്നു. തുടർന്ന് കാമുകന്റെ അമ്മയെ ഫോണിൽ വിളിക്കുകയും ഫ്ലാറ്റിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. പറഞ്ഞ പ്രകാരം വന്നില്ലെങ്കിൽ മകനെ ഇനിയും മർ​ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

തന്റെ മകനെ തട്ടിക്കൊണ്ടു പോയിരിക്കുകയാണെന്ന് മനസ്സിലാക്കിയ അമ്മ പൊലീസിൽ വിവരമറിയിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് എത്തി ആൺകുട്ടിയെ റിലീസ് ചെയ്യുകയും പെൺകുട്ടിയെയും അച്ഛനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം മോചനദ്രവ്യം ആവശ്യപ്പെട്ടുക്കൊണ്ടുള്ള തട്ടികൊണ്ടുപോകലല്ല ഇതെന്നും ജാമ്യം നൽകുമെന്നും കൊൽക്കത്ത സബർബൻ പൊലീസ് അറിയിച്ചു.