സെമിയില്‍ ഇംഗ്ലീഷ് പടയ്ക്ക് ക്രൊയേഷ്യന്‍ വെല്ലുവിളി

മോസ്കോ: 28 വര്‍ഷത്തിന് ശേഷം ലോകകപ്പ് സെമിയില്‍ എത്തിയതിന്‍റെ ആഘോഷം ഇംഗ്ലണ്ടില്‍ തീര്‍ന്നിട്ടില്ല. ഹാരി കെയ്ന്‍റെ നേതൃത്വത്തില്‍ വന്ന യുവനിര മിന്നുന്ന പ്രകടനവുമായാണ് അവസാന നാലിലെത്തിയത്. ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് പടയുടെ കരുത്തിന് മുന്നില്‍ സ്വീഡന് ഉത്തരമില്ലാതെ പോവുകയായിരുന്നു.

ഇനി സെമിയില്‍ റഷ്യയെ പരാജയപ്പെടുത്തിയെത്തുന്ന ക്രൊയേഷ്യയാണ് ഇംഗ്ലീഷ് പടയുടെ എതിരാളികള്‍. നിര്‍ണായക പോരാട്ടത്തിന് മുന്നോടിയായി ഇംഗ്ലീഷ് പടയ്ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാട്ട്‍ക്കോ ഡാലിക്. ഇംഗ്ലണ്ടുമായി നടക്കാന്‍ പോകുന്ന യുദ്ധത്തിനുള്ള ഊര്‍ജം തങ്ങള്‍ക്ക് ബാക്കിയുണ്ടെന്നാണ് ഡാലിക് പറയുന്നത്.

ഞങ്ങള്‍ക്ക് സാധിക്കുന്നതിന്‍റെ പരമാവധി കളത്തിലെടുക്കാന്‍ ശ്രമിക്കും. രണ്ടു കളികളാണ് ഇനിയുള്ളത്. ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ജയിക്കാനായി പൂര്‍ണമായി സമര്‍പ്പിക്കാന്‍ ടീമിലെ എല്ലാവരും തയാറാണ്. സ്വീഡനെ പറഞ്ഞു വിട്ടാണ് ഇംഗ്ലണ്ട് എത്തുന്നത്. മികച്ച ടീമാണ് അവര്‍. ആക്രമണം നടത്താന്‍ ശേഷിയുള്ള യുവ നിര അവര്‍ക്കുണ്ടെന്നും ഡാലിക് പറഞ്ഞു.

ഈ ലോകകപ്പില്‍ ഫേവറിറ്റുകള്‍ ഇല്ല. എല്ലാവര്‍ക്കും സാധ്യതയുണ്ട്. പക്ഷേ, പോരാടണമെന്ന് മാത്രം. എല്ലാ ഫേവറിറ്റുകളും നാട്ടിലെത്തി കഴിഞ്ഞു. കഠിനാധ്വാനം ചെയ്തവരും ഒരു സംഘമായി പോരാടിയവരുമാണ് ഇനി അവശേഷിക്കുന്നത്. റഷ്യയുമായി നടന്ന ക്വാര്‍ട്ടര്‍ മത്സരം സുന്ദരമായ കളിയായിരുന്നില്ല. സെമിക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടമാണ് നടന്നതെന്നും ക്രൊയേഷ്യന്‍ പരിശീലകന്‍ പറഞ്ഞു.