ചെന്നൈ: തമിഴ്‌നാട്ടിലെ തൃച്ചി ജില്ലയില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. ഓട്ടോ ഡ്രൈവറും ദളിത് ആക്ടിവിസ്റ്റുമായ കതിരേശനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പിടിയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കതിരേശനും ഉന്നത ജാതിയല്‍പ്പെടുന്ന തങ്കരശുവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. തന്‍റെ തോട്ടത്തിലെ പൈപ്പ് കതിരേശന്‍ പൊട്ടിച്ചു എന്നാരോപിച്ചായിരുന്നു വാക്ക് തര്‍ക്കം. ഇതിന്റെ പേരിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഏഴാം തിയതി തോട്ടത്തിലെ പൈപ്പ് പൊട്ടിക്കിടക്കുന്നത് കണ്ട തങ്കരശു തന്‍റെ രണ്ടു ആണ്‍ മക്കളുടെ കൂടെ കതിരേശന്റെ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം തിരിച്ച് പോയ ഇവര്‍ പിന്നീട് കൂടുതല്‍ ആള്‍ക്കാരോടുകൂടി എത്തി കതിരേശനെ മര്‍ദ്ദിക്കുകയായിരുന്നു.

 ആക്രമണം തടയാന്‍ ശ്രമിച്ച ഭാര്യയെ തള്ളിമാറ്റി കതിരേശനെ അടിച്ച് നിലത്തിട്ടു, ബോധം പോയെ കതിരേശനെപിന്നീട് പോലീസ് സ്റ്റഷനിലേക്ക് കൊണ്ടുപോകുന്നു എന്ന വ്യാജേന തോട്ടത്തിലേക്ക് കൊണ്ടുപോവുകയും കല്ലുകൊണ്ട് തലയിലിടിച്ച്കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിനെ കാണാന്‍ പോലീസ് സറ്റേഷനില്‍ പോയ ഭാര്യ നന്ദിനിക്ക് ഭര്‍ത്താവിനെ കാണാനായില്ല. ഇതോടെ ഭര്‍ത്താവിനെ കാണുന്നില്ല എന്നുകാട്ടി പരാതി കൊടുത്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടന്ന വിവരം പുറത്തറിയുന്നത്. പിറ്റേദിവസമാണ് കതിരേശന്‍റെ മൃതദേഹം കണ്ടെത്തിയത്. കതിരേശന്റെ കൈകള്‍ കൂട്ടികെട്ടിയ നിലയിലായിരുന്നു. തോട്ടത്തിലെ പൈപ്പ് പൊട്ടിച്ചു എന്നത് മാത്രമല്ല കൊലപാതകത്തിന്റെ കാരണമെന്നും താഴ്ന്ന ജാതിയില്‍പെട്ട കതിരേശന്‍ ഉയര്‍ന്ന ജാതിക്കാരിയായ നന്ദിനിയെ കല്ല്യാണം കഴിച്ചതും കൊലപാതകത്തിന് പ്രേരിപ്പിച്ചുവെന്നാണ് അയല്‍ക്കാര്‍ ആരോപിക്കുന്നത്..

കതിരേശനെയും കുടുംബത്തെയും പലപ്പോഴും ഈ വിവാഹത്തിന്റെ പേരില്‍ പ്രതികള്‍ അപമാനിച്ചിരുന്നു. കൊലചെയ്യുന്നതിന് മുന്‍പ് സവര്‍ണ്ണ ഹിന്ദുവിനെ വിവാഹം ചെയ്തതുകൊണ്ട് നി എന്റെ ഒപ്പമാകില്ലായെന്ന് തങ്കരശു പറഞ്ഞിരുന്നു. തങ്കരശുവും മക്കളും കുറ്റം സമ്മതിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.