മീറത്ത്: കത്തിമുനയില്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ക്ക് ഒരിക്കലും മറക്കാത്ത മറുപടി നല്‍കി ദലിത് പെണ്‍കുട്ടി. ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ലിംഗം മുറിച്ചുമാറ്റുകയായിരുന്നു 17കാരിയായ പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ മീറത്തിനടുത്ത ഇഞ്ചോളിയിലാണ് സംഭവം.
പെണ്‍കുട്ടി പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വീടിനടുത്തുള്ള വനപ്രദേശത്ത് പോയപ്പോഴായിരുന്നു യുവാവിന്റെ അക്രമം. അതേ ഗ്രാമത്തിലുള്ള 23 വയസ്സുള്ള ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയെ കത്തിമുനയില്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അക്രമണത്തിനിടെ യുവാവിന്റെ കൈയില്‍നിന്നും കത്തി പിടിച്ചു വാങ്ങിയ പെണ്‍കുട്ടി അയാളുടെ ലിംഗം മുറിച്ചുമാറ്റി.
യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമീണര്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
