പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാൻ നിർദ്ദേശം നൽകി. തിരിച്ചെത്തുന്നവർക്ക് സർക്കാർ പദ്ധതികളിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും, ഗംഗാ നദീതീരത്തെ മണ്ണൊലിപ്പ് തടയാൻ വലിയ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ബെഹ്രാംപൂർ: മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ കർശന നിർദ്ദേശം നൽകിയതായി പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ബെഹ്രാംപൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ തൊഴിലാളികളുടെ പുനരധിവാസവും സാമ്പത്തിക ഭദ്രതയും മുൻനിർത്തിയുള്ള സർക്കാരിന്റെ നിർണ്ണായക തീരുമാനം അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നാട്ടിൽ തിരിച്ചെത്തുന്ന തൊഴിലാളികൾക്കും മറ്റ് പിന്നാക്ക കുടുംബങ്ങൾക്കും വിവിധ സർക്കാർ പദ്ധതികളിലൂടെ മികച്ച വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിൻ്റെ കണക്കുകൾ പ്രകാരം, വിവിധ ജനക്ഷേമ പദ്ധതികൾ കൃത്യമായി വിനിയോഗിക്കുന്നതിലൂടെ ഒരു സാധാരണ കുടുംബത്തിന് പ്രതിമാസം 15,000 മുതൽ 18,000 രൂപ വരെ വരുമാനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇതിന് പുറമെ 'പിഎം അന്ന സുരക്ഷാ യോജന' വഴിയുള്ള സൗജന്യ റേഷനും, 'ആയുഷ്മാൻ ഭാരത്' പദ്ധതിയിലൂടെയുള്ള സൗജന്യ ആരോഗ്യ പരിരക്ഷയും കുടുംബങ്ങൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീ ശാക്തീകരണത്തിനായുള്ള 'അന്നപൂർണ യോജന' പദ്ധതിയുടെ പുരോഗതിയും അദ്ദേഹം പങ്കുവെച്ചു. പദ്ധതിക്കായി അപേക്ഷിച്ച 15 ലക്ഷം സ്ത്രീകളിൽ 12 ലക്ഷം പേർക്കും ഇതിനോടകം തന്നെ തുക കൈമാറിക്കഴിഞ്ഞു. കൂടാതെ, കുടിയേറ്റ തൊഴിലാളികളുടെ ജന്മനാടുകളായ മുർഷിദാബാദ്, മാൾഡ ജില്ലകളിൽ നേരിടുന്ന പ്രധാന പ്രതിസന്ധിയായ ഗംഗാ നദീതീരത്തെ മണ്ണൊലിപ്പ് തടയാൻ 3,600 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും, ഇതിൽ 2,500 കോടി രൂപ മുർഷിദാബാദിലെ ശാശ്വത പരിഹാരത്തിനായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. പകുതി തുക കേന്ദ്രവും പകുതി സംസ്ഥാനവും ചേർന്നാണ് പദ്ധതിക്കായി കണ്ടെത്തുക.
