വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ച മലയോരത്തെ റോഡുകളിള്‍ അടുപ്പു കൂട്ടി ഹര്‍ത്താലനുകൂലികള്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ചു.

കാസര്‍ഗോഡ്: പട്ടികജാതി പട്ടികവര്‍ഗ നിയമം ദുര്‍ബലമാക്കിയ സുപ്രീം കോടതി നടപടി റദാക്കാന്‍ ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ കാസര്‍ഗോഡ് മലയോരത്ത്‌ പൂര്‍ണ്ണം. മലയോരത്ത് ഇരുചക്ര വാഹനങ്ങള്‍ പോലും ഓടുവാന്‍ അനുവദിക്കുന്നില്ല. മലയോര പഞ്ചായത്തുകളായ ബളാല്‍,വെസ്റ്റ് എളേരി, കിനാനൂകരിന്തളം, കോടോംബേളൂര്‍, പനത്തടി തുടങ്ങിയ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.

ബന്തടുക്ക, ഭീമനടി, പാണത്തൂര്‍ എന്നിവിടങ്ങളിലും പെരിയയിലും മൂലക്കണ്ടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് തടഞ്ഞു.
പിന്നീട് പൊലീസ് ഇടപെടലിനെ തുടര്‍ന്ന് തടഞ്ഞ വാഹനങ്ങള്‍ വിട്ടു. ഭീമനടി - നീലേശ്വരം റൂട്ടിലും ബസ് ഗതാഗതം തടസപ്പെട്ടു. പൊലീസിന്‍റെ ശക്തമായ കാവല്‍ ഈ ഭാഗങ്ങളിലുണ്ട്.

വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ച മലയോരത്തെ റോഡുകളിള്‍ അടുപ്പു കൂട്ടി ഹര്‍ത്താലനുകൂലികള്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ചു. സ്ത്രീകളും കുട്ടികളുംഅടങ്ങിയ നൂറുകണക്കിന് ദളിതരാണ് മലയോരത്തെ റോഡുകലിലിരുന്ന് ഭക്ഷണം കഴിക്കുന്നത്. കഞ്ഞിക്കലവും അരിയും പയറുമായി എത്തിയവര്‍ റോഡ് സൈഡില്‍ അടുപ്പുകൂട്ടി കഞ്ഞിയും കറിയും ഉണ്ടാക്കി. ആദിവാസി വീടുകളിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഹര്‍ത്താലില്‍ പങ്കാളികളായി രംഗത്തിറങ്ങി.