അഗളി: പറയാതെ വീട്ടിൽ പോയ ആദിവാസി വിദ്യാർത്ഥിനിയെ വൈദ്യപരിശോധന ഇല്ലാതെ ഹോസ്റ്റലിൽ തിരിച്ചുകയറ്റില്ലെന്ന് അധികൃതർ. ഹോസ്റ്റലില്‍ നിന്ന് ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്നും കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഷയത്തിൽ ചൈൽഡ് ലൈൻ ഇടപെട്ടതിനാൽ സംഭവത്തേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ജെല്ലിപ്പാറ മൗണ്ട് കാര്‍മ്മല്‍ സ്കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥിനിയെ ആണ് ഹോസ്റ്റല്‍ അധികാരികള്‍ ശാരീരികമായി മര്‍ദ്ദിച്ചെന്ന് പരാതി ഉയരുന്നത്. കൂട്ടുകാരിയോടൊപ്പം ഹോസ്റ്റലിന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരെയുള്ള വീട്ടിലെത്തിയതായിരുന്നു കുട്ടി.
ഹോസ്റ്റല്‍ അധികൃതരുടെ മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ പിതാവ് അഗളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിരികെ സ്കൂളിലേക്ക് പോകണമെന്നും പഠിക്കണമെന്നും ഉള്ള ആഗ്രഹത്തില്‍ തന്നെയാണ് വിദ്യാര്‍ത്ഥിനി. സംഭവത്തില്‍ അഗളി പൊലീസ് കേസെടുത്തിട്ടുണ്ട്. ചൈല്‍ഡ് ലൈനും പരാതി നല്‍കി.
