ലഖ്നൗ: ബക്കറ്റ് തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപിച്ച് എട്ട് മാസം ഗര്‍ഭിണിയായ ദലിത് യുവതിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഖേട്ടാല്‍പുര്‍ ബന്‍സോലി ഗ്രാമത്തിലാണ് സംഭവം. ഒക്ടോബര്‍ 15 നാണ് മരണത്തിന് കാരണമായ മര്‍ദ്ദനം സാവിത്രി ദേവി എന്ന യുവതിക്ക് നേരെയുണ്ടായത്.
ഗ്രാമത്തിലെ അഞ്ച് വീടുകളിലെ മാലിന്യം എടുത്തിരുന്നത് സാവിത്രി ദേവിയായിരുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ താമസിക്കുന്ന വീടുകളാണിത്. മലിന്യം എടുക്കാന്‍ ചെന്ന സാവിത്രി തന്‍റെ ബക്കറ്റില്‍ തൊട്ടു എന്നാരോപിച്ചാണ് അജ്ഞു മര്‍ദ്ദിച്ചത്. ബാലന്‍സ് തെറ്റിയ സാവിത്രി അറിയാതെ ഇവരുടെ ബക്കറ്റില്‍ തൊടുകയായിരുന്നു. തുടര്‍ന്ന് സാവിത്രി തൊട്ടത് മൂലം ബക്കറ്റ് മലിനപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സാവിത്രിയുടെ വയറിലും തലയിലും ഇവര്‍ മാറി മാറി ഇടിച്ചു. അജ്ഞുവിന്‍റെ മകന്‍ രോഹിത്തും സാവിത്രിയെ മര്‍ദ്ദിച്ചു.
സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് സാവിത്രി മരിക്കുന്നത്. തലയ്ക്ക് ക്ഷതമേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. സാവിത്രിയെ ഇവര്‍ മര്‍ദ്ദിക്കുമ്പോള്‍ ഒന്‍പത് വയസുകാരിയായ മകളും കൂടെയുണ്ടായിരുന്നു. അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട മകളാണ് മറ്റുള്ളവരെ വിവരം അറിയിക്കുന്നത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കിലും കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ തിരിച്ചയച്ചെന്ന് ഭര്‍ത്താവ് ദിലീപ് കുമാര്‍ പറയുന്നു. ഭാര്യയെ മര്‍ദ്ദിച്ച കാര്യം ചോദിക്കാന്‍ ചെന്ന ദിലീപ് കുമാറിനെയം അജ്ഞുവിന്‍റെ കുടുംബം ഭീക്ഷണിപ്പെടുത്തി.
