ദില്ലി: മുസ്ലീം സ്ത്രീകൾ കൺപുരികങ്ങളിലും മുടിയിലും നടത്തുന്ന അലങ്കാരപ്പണികൾ മതവിരുദ്ധമെന്ന് ദാറുൽ ഉലൂം ദുയൂബന്ദിന്റെ ഫത്വ(മതവിധി). കൺപുരികങ്ങൾ പറിച്ചെടുക്കുന്നത്, വെട്ടിയൊതുക്കൽ, രൂപംമാറ്റൽ, മുടിമുറിക്കൽ എന്നിവ ഇസ്ലാമിക വിരുദ്ധമാണെന്നും അതിൽ നിന്ന് വിട്ടുനിൽക്കണമെന്നുമാണ് ആഹ്വാനം. ഷഹറാൻപൂറിലെ മുസ്ലീം ആയ വ്യക്തിയാണ് ഇക്കാര്യത്തിൽ വ്യക്തത തേടി സമീപിച്ചത്.
ഇസ്ലാമിക നിയമങ്ങൾ തന്‍റെ ഭാര്യക്ക് കൺപുരികം പറിച്ചെടുക്കുന്നതിനും വെട്ടിയൊതുക്കുന്നതിനും മുടിമുറിക്കുന്നതിനും അനുമതി നൽകുന്നുണ്ടോ എന്നായിരുന്നു ദാറുൽ ഇഫ്തയിൽ നിന്ന് ഇയാളുടെ അന്വേഷണം. ഇതിനുള്ള മറുപടിയിലാണ് രണ്ടു പ്രവൃത്തികളും ഇസ്ലാമിക വിരുദ്ധമാണെന്ന് വ്യക്തമാക്കി മതവിധി നൽകിയത്. ഇത് ലംഘിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്ന സ്ത്രീ ഇസ്ലാമിക നിയമങ്ങളെയാണ് ധിക്കരിക്കുന്നതെന്നും ഉറുദുവിൽ നൽകിയ ഫത്വയിൽ പറയുന്നു.
പത്ത് കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്തിയാണ് ദാറുൽ ഇഫ്ത മതവിധി പറഞ്ഞത്. സ്ത്രീകൾക്ക് അവരുടെ മുടി സൗന്ദര്യത്തിനായി നൽകിയതാണ്. അത് മുറിച്ചുകളയാൻ പാടില്ല. മുസ്ലീം സ്ത്രീകൾ ബ്യൂട്ടി പാർലറുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഫത്വ പുറപ്പെടുവിക്കുന്ന ദാറുൽ ഇഫ്തയുടെ മേധാവി മൗലാന സാദിഖ് അൽഖാസിമി പറഞ്ഞു. അന്യപുരുഷൻമാരെ ആകർഷിക്കുന്ന തരത്തിലുള്ള ചമയങ്ങളിടാൻ ഇസ്ലാം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം പുരുഷൻമാർ താടിവടിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുരികം, മുടിവെട്ടൽ പോലെ ലിപ്സ്റ്റിക്ക് പുരട്ടുന്നതും മുസ്ലീം സ്ത്രീകൾക്ക് അനുവദിനീയമല്ല. മുസ്ലീം സ്ത്രീകൾ ബ്യൂട്ടി പാർലറുകളിൽ പോകുന്ന പ്രവണത കണ്ടുവരുന്നുവെന്നും ഇത് നല്ല സൂചനയല്ലെന്നും അടിയന്തിരമായി ഇത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുതിയ ഫത്വയെ നിരസിക്കുകയാണ് നല്ലൊരു ശതമാനം മുസ്ലീം സ്ത്രീകളും. തങ്ങളുടെ സ്വാതന്ത്ര്യത്തെ തടയാൻ അവർക്ക് അവകാശമില്ല, ലോകം മാറുകയാണ്.
ഗൾഫ് രാജ്യങ്ങളിൽ പോലും മുസ്ലീം സ്ത്രീകൾക്ക് ഡ്രൈവിങിന് അനുമതി നൽകുേമ്പാഴാണ് ഇവിടെ പുരികം പറിച്ചെടുക്കുന്നതിനെതിരെ ഫത്വ പുറപ്പെടുവിക്കുന്നതെന്നും സ്ത്രീകൾ പറയുന്നു. ഇൗ മൗലാനമാരും പണ്ഡിതൻമാരും അപമാനകരമാണെന്ന് മുത്വലാഖിന് വിധേയയായ സോഫിയ അഹമ്മദ് പറയുന്നു.
