ചൂട് കനത്തതോടെ ഈത്തപ്പഴങ്ങള്‍ വിളവെടുപ്പിനു പാകമാകുന്നു. കൃഷിയിടങ്ങള്‍ കൂടാതെ രാജ്യത്തെ പ്രധാന റോഡിന് ഇരുവശങ്ങളിലായും പൂത്ത് നില്‍ക്കുന്ന കാഴ്ചയാണ് കുവൈത്തിലെങ്ങും.

ഈന്തപ്പനകളുടെ വിവിധ ജനുസ്സുകള്‍ ഉണ്ടെങ്കിലും 'അല്‍ ബര്‍ഹി അല്‍ അസ്ഫര്‍' എന്ന ഇനമാണ് കുവൈത്തിലെ താരം . രാജ്യത്തിന്റെ തനതു ഇനമായാണ് ഇത് അറിയപ്പെടുന്നത് . പാകമായി കിടക്കുന്നത് കണ്ടാല്‍ സ്വര്‍ണ്ണക്കളര്‍ പൂശിയതുപോലെ തോന്നിക്കും. ഇവ പൂത്ത് നില്‍ക്കുന്ന കാഴ്ചയാണ് നാടെങ്ങും. എണ്ണ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇവ കൊണ്ട് കച്ചവടം നടത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ഖലീഫ അല്‍ ഖറാഫി പറയുന്നു.

കൂടുതല്‍ പഴുത്ത് ഈത്തപ്പഴമായി കഴിക്കുന്നതിനേക്കാള്‍ ഇതിെന്റ റുതബ്, അതായത്, വെളഞ്ഞ് നില്‍ക്കുന്ന അവസ്ഥയില്‍ കഴിക്കാനാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ ഇഷ്ടം. കാര്‍ഷിക മേഖലകളായ അബ്ദലിയിലും , വഫ്‌റയിലും ഇവയുടെ വലിയ തോട്ടങ്ങള്‍ തന്നെയുണ്ട് . വിളഞ്ഞു നില്‍ക്കുന്ന ഈന്തപ്പനകള്‍ കാണാന്‍ നിരവധി വിദേശികളാണ് കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്നത്.