നെവാഡ : മകളുടെ കാമുകനെ പിതാവ് പൊതുജന മധ്യത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ നെവാഡ ജില്ലയിലെ പക്ക്രിഭ്രാവ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് യുവാവ് പട്ടാപ്പകല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച ദുരന്തം അരങ്ങേറിയത്.18 വയസ്സുകാരനായ പിന്‍റു കുമാറാണ് കാമുകിയുടെ പിതാവ് കപില്‍ യാദവിന്‍റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. 

കാമുകിയെ താന്‍ വിവാഹം ചെയ്യുമെന്നും പിന്‍റു നഗര മധ്യത്തില്‍ വെച്ച് കപില്‍ യാദവിനോട് വെല്ലുവിളി നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കപില്‍ യാദവ് പിന്‍റുവിന്‍റെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 

എന്നാല്‍ കൊലപാതകം നടന്ന് ഏറെ നേരം വൈകിയാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. ഇത് ഗ്രാമവാസികളില്‍ പ്രതിഷേധത്തിനിടയാക്കി. ജനങ്ങള്‍ പൊലീസിന് നേരെ കല്ലെറിയാന്‍ ആരംഭിച്ചതോടെ സ്ഥിതി പ്രക്ഷുബ്ദമായി. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് പൊലീസ് സംഘര്‍ഷം അടിച്ചമര്‍ത്തിയത്.