അമ്മ ഗ്ലാഡിസ് ഡിസൂസയുടെ 100 -ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് കാനഡയില്‍ നിന്ന് മകള്‍ ഗ്ലോറിയോ ലോബോ (75) മംഗലാപുരത്ത് എത്തിയത്. 

മംഗലൂരു: അമ്മയുടെ ശതാഭിഷേക ആഘോഷത്തിനിടെ മകള്‍ക്ക് ദാരുണാന്ത്യം. അമ്മ ഗ്ലാഡിസ് ഡിസൂസയുടെ 100 -ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് കാനഡയില്‍ നിന്ന് മകള്‍ ഗ്ലോറിയോ ലോബോ (75) മംഗലാപുരത്ത് എത്തിയത്. 

ബോലാര്‍ റോസാരിയോ കത്തീഡ്രലിനോട് അനുബന്ധിച്ചുള്ള നിംഫാ സദന്‍ വൃദ്ധ സദനത്തിലാണ് അമ്മ ഗ്ലാഡിസിന്റെ ജന്മദിനാഘോഷം നടന്നത്. തിങ്കളാഴ്ച്ചയായിരുന്നു ഗ്ലാഡിസിന്റെ ജന്മദിനാഘോഷം. രാവിലെ 11 മണിയോടെയായിരുന്നു ആഘോഷങ്ങള്‍ ആരംഭിച്ചത്. ജന്മദിന കേക്ക് മുറിച്ചതിന് ശേഷം വികാരാധീനയായി സംസാരിച്ച ഗ്ലോറിയ അമ്മയുടെ ജന്മദിനത്തിനായി ഒരു കവിതയും പാടിയിരുന്നു. ഇതിന് ശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച അവര്‍ തളര്‍ന്നു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

ഗ്ലാഡിസിന്റെ മകള്‍ ഗ്ലോറിയോയും മകള്‍ ലിസയും സഹോദരന്‍ ട്രിവര്‍, ക്രിസ്റ്റഫര്‍ ഡിസൂസ എന്നിവരാണ് കാനഡയില്‍ നിന്നും മുത്തശ്ശിയുടെ ശതാഭിഷേകത്തിന് പങ്കെടുക്കാന്‍ എത്തിചേര്‍ന്നത്. അമ്മയുടെ ജന്മദിനാഘോഷത്തിനിടെ ഗ്ലോറിയ വികാരാധീനയായിരുന്നു. മാത്രമല്ല അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒന്നാം ലോകമഹായുദ്ധത്തിനിടെ മ്യാന്മാറിലെ റങ്കൂണിലായിരുന്നു ഗ്ലാഡിസിന്റെ ജനനം (1918 മാര്‍ച്ച് 30 ന്). രണ്ടാം ലോകമഹായുദ്ധത്തിനിടെ മറൈന്‍ എഞ്ചിനീയറായിരുന്ന ജോചിം ലോറന്‍സ് ഡിസൂസയെ അവര്‍ വിവാഹം (1942, ഡിസംബര്‍ 29 ) ചെയ്തു. തുടര്‍ന്ന് 1950 കളില്‍ അവര്‍ ബര്‍മ്മയില്‍ നിന്നും കല്‍ക്കത്തയ്ക്ക് താമസം മാറ്റി. ഭര്‍ത്താവിന്റെ മരണശേഷം അവര്‍ കല്‍ക്കത്ത ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ അധ്യാപികയായി. 2008 മുതല്‍ അവര്‍ നിംഫാ സദന്‍ വൃദ്ധ സദനത്തിലാണ് താമസം.