കാസര്‍കോട്: ബിജെപിയില്‍ ചേര്‍ന്നതിന് അച്ഛനെ പട്ടാപ്പകല്‍ വെട്ടിക്കൊല്ലുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെതിരെ പോലീസിന്റെയും നാട്ടുകാരുടെയും സഹായം അഭ്യര്‍ത്ഥിച്ച് സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിനിയും പിതാവും കാസര്‍കോട് വാര്‍ത്താസമ്മേളനം നടത്തി. കരിന്തളം വടക്കേപുലിയന്നൂരിലെ സി.കെ സുകുമാരനും മകള്‍ അശ്വിനിയുമാണ് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത്, ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് സി.കെ ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയത്.
ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനില്‍ നിന്ന് അംഗത്വം സ്വീകരിച്ച ശേഷം സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് കടുത്ത ഭീഷണിയാണ് താനും കുടുംബവും നേരിടുന്നതെന്ന് സി.കെ സുകുമാരന്‍ ആരോപിച്ചു. താന്‍ മുമ്പ് സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു. ഒരു പാര്‍ട്ടിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നില്ല. മുമ്പ് നക്സലേറ്റ് സംഘടനയായ സിപിഐ എംഎല്ലിന്റെ പ്രവര്‍ത്തകനായിരുന്നുവെങ്കിലും പിന്നീട് ഇതില്‍ നിന്നെല്ലാം വിട്ടുനിന്നുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നതോടു കൂടി പല തരത്തിലുള്ള പീഡനങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്.
ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന മകളെ സ്‌കൂളിലേക്ക് കൊണ്ടുവിടുകയും തിരിച്ചുവരുമ്പോള്‍ കൂട്ടി വീട്ടില്‍ പോകുകയും ചെയ്യുന്നത് താനാണ്. സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി കാരണം പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണുള്ളത്. പട്ടാപ്പകല്‍ കൊത്തിനുറുക്കുമെന്നാണ് ഇവരുടെ ഭീഷണി. മകളുടെ സാന്നിധ്യത്തില്‍ വെച്ചാണ് ഇത്തരത്തിലുള്ള ഭീഷണി മുഴക്കിയത്. ഇതോടെ തന്റെ ജീവനെ ഓര്‍ത്ത് മകള്‍ കടുത്ത ആശങ്കയിലാണ്. മാനസികമായി തളര്‍ന്ന മകള്‍ ഈ സാഹചര്യത്തിലാണ് സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി സംബന്ധിച്ച് സംസാരിക്കുന്ന വീഡിയോ തയ്യാറാക്കി ഫേസ്ബുക്കിലിട്ടത്. ഇതിന് ശേഷം മകളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയാണ് സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്ന പരിഗണന പോലും നല്‍കാതെ ആക്ഷേപഹാസ്യങ്ങള്‍ നിറച്ച ട്രോളുകള്‍ സിപിഎം ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന് പുറമെ പാര്‍ട്ടി ഗ്രാമമായ കരിന്തളത്ത് തനിക്കും കുടുംബത്തിനും ഊരുവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരില്‍ തനിക്ക് സുഹൃത്തുക്കള്‍ ഏറെയുണ്ട്. എന്നാല്‍ ഇനിമുതല്‍ ആരും തന്റെ കുടുംബവുമായി ബന്ധം സ്ഥാപിക്കരുതെന്നാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കടയില്‍ നിന്നും സാധനങ്ങള്‍ തനിക്കും കുടുംബത്തിനും നല്‍കുന്നതിനും വിലക്കുണ്ട്. ഈ സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വന്ന് ഭീഷണി മുഴക്കി തിരിച്ചുപോകുന്നു. താന്‍ നടന്നുപോകുമ്പോഴൊക്കെ വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും ബലമായി ചുമലില്‍ കൈവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. പാര്‍ട്ടി ഗ്രാമത്തിലെ ഇത്തരത്തിലുള്ള ഉപദ്രവങ്ങള്‍ അസഹ്യമായതോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയതായും സുകുമാരന്‍ പറഞ്ഞു.
സി.കെ സുകുമാരനും കുടുംബത്തിനും നേരെയുള്ള സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിക്ക് പിന്നില്‍ ഉന്നത നേതൃത്വത്തിന്റെ പ്രേരണയുണ്ടെന്ന് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. തികച്ചും ആസൂത്രിതമാണിത്. സുകുമാരനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ അവിടുത്തെ പഞ്ചായത്ത് പ്രസിഡണ്ടിനും പങ്കുണ്ട്. സിപിഎം അതിക്രമങ്ങളെ ന്യായീകരിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഇതിന് തെളിവാണ്. ഈ അവസ്ഥ തുടരാന്‍ ബിജെപി അനുവദിക്കില്ല. പരാതി നല്‍കിയിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാത്തത് സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ്. കുടുംബത്തിന് എല്ലാവിധ സംരക്ഷണവും ബിജെപി നല്‍കുമെന്ന് ശ്രീകാന്ത് വ്യക്തമാക്കി.
