ദില്ലി: അധോലോക തലവനും മുംബൈ സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടി. 670 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ദാവൂദിനെ സംബന്ധിക്കുന്ന കേസുകളുടെ രേഖകള്‍ 2015ല്‍ ഇന്ത്യ ബ്രിട്ടന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കള്‍‌ കണ്ടുകെട്ടിയത്. ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതുക്കിയ 21 അംഗ സാമ്പത്തിക ഉപരോധ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം. യു.കെ.ട്രഷറി വകുപ്പാണ് പട്ടിക തയ്യാറാക്കിയത്. ബ്രിട്ടനില്‍ ദാവൂദിന് 21ല്‍ അധികം പേരുകളിലായി 670 കോടിയുടെ സ്വത്ത് ഉണ്ടെന്നാണ് പുതിയ വിവരം. 

സ്വത്ത് വിവരങ്ങളില്‍ ദാവൂദിന്‍റെ മൂന്ന് പാകിസ്താന്‍ വിലാസങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാര്‍വിക്ക്ഷെയറില്‍ ഒരു ഹോട്ടല്‍ സമുച്ചയവും പല പാര്‍പ്പിട സമുച്ചയങ്ങളും ദാവൂദിന്‍റെ പേരിലുണ്ട്.