Asianet News MalayalamAsianet News Malayalam

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു

ബിസിനസ് പങ്കാളികളുടെ സഹായത്തോടെ ബിനാമി ഇടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ ഒമ്പത് സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസിലാണ് വദ്രയെ ചോദ്യം ചെയ്യുന്നത്.

day 2 questioning robert vadra continues
Author
Delhi, First Published Feb 7, 2019, 3:05 PM IST

ദില്ലി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ്. ഇന്നലെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം ഇന്നും ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വദ്രയോട് ആവശ്യപ്പെടുകയായിരുന്നു. ഉച്ചവരെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത് പിരിഞ്ഞ സംഘം ഉച്ച ഭക്ഷണത്തിന് ശേഷം മൂന്ന് മണിക്ക് വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചു. 

ബിസിനസ് പങ്കാളികളുടെ സഹായത്തോടെ ബിനാമി ഇടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ ഒമ്പത് സ്വത്ത് വകകള്‍ സമ്പാദിച്ചെന്ന കേസിലാണ് വദ്രയെ ചോദ്യം ചെയ്യുന്നത്. വദ്രയുടെ ഉമടസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരന്‍ മനോജ് അറോറയുടെ പേരിലാണ് ചില സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്. 

എന്നാല്‍ ഈ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ മനോജ് അറോറയക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വദ്രയെ ചോദ്യം ചെയ്യുന്നത്. ലണ്ടനില്‍ തന്‍റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നുമാണ് വദ്ര ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് പ്രിയങ്കയ്ക്കൊപ്പം വദ്ര എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയത്. വദ്രയെ ഓഫീസിൽ ഇറക്കിയ ശേഷം പ്രിയങ്ക ഗാന്ധി എഐസിസി ആസ്ഥാനത്ത് എത്തി പാർട്ടി ജനറൽ സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. 

അന്വേഷണ ഏജൻസികളെ ബി ജെ പി ദുരുപയോഗം ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.  അതേസമയം റോബര്‍ട്ട് വദ്രയ്ക്കെതിരായ എന്‍ഫോഴ്സ്മെന്‍റിന്‍റെ നടപടിയെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു. വദ്രയെ പിന്തുണച്ച മമത ബിജെപിക്കെതിരെ ആഞ്ഞടിച്ചു. പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നിക്കരുതെന്ന് ലക്ഷ്യം വച്ചാണ് കേന്ദ്രനടപടി. അതിനാണ് ഓരോരുത്തര്‍ക്ക് നേരെയും എന്‍ഫോഴ്സ്മെന്‍റ് ഡിറക്ടറേറ്റിനെ ഉപയോഗിച്ച് നോട്ടീസ് നല്‍കുന്നത്. പക്ഷേ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്നും മമത പറഞ്ഞു. 

അതേസമയം 1.9 മില്യണ്‍ പൗണ്ട് ചെലവഴിച്ച് ബിസിനസ് പങ്കാളി മനോജ് അറോറയുടെ സഹായത്തോടെ വസ്തു വാങ്ങിയെന്ന കേസില്‍ ഇടക്കാല ജാമ്യത്തിലാണ് വദ്രയിപ്പോള്‍. ദില്ലി പട്യാല ഹൗസ് കോടതി ഫെബ്രുവരി 16 വരെയാണ് വദ്രയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ ഇടക്കാല ജാമ്യം അനുവദിച്ച കോടതി, ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ വദ്രയോട് നിർദേശിക്കുകയായിരുന്നു.

മൂന്ന് വില്ലകള്‍,  ആഡംബര ഫ്ലാറ്റുകള്‍, എന്നിവയാണ് ലണ്ടനില്‍ വദ്ര വാങ്ങിയതായി എന്‍ഫോഴ്സ്മെന്‍റ് ഡിറക്ടറേറ്റ് അവകാശപ്പെടുന്നത്. 2005 നും 2010 നുമിടയിലായിരുന്നു ഈ ഇടപാടുകള്‍ നടന്നതെന്നും ഇവര്‍ പറയുന്നു. 


 

Follow Us:
Download App:
  • android
  • ios