മാതാപിതാക്കള്‍ വിളിച്ചിട്ടും കുട്ടികള്‍ ഉണരാതിരുന്നതോടെയാണ് സംശയം വര്‍ദ്ധിച്ചതും ഡെ കെയറിനെ കുറിച്ച് പരാതി നല്‍കിയതും

ഓറിഗണ്‍: ബ്യൂട്ടി പാര്‍ലറില്‍ പോകാനായി കുട്ടികള്‍ക്ക് ഉറക്ക ഗുളിക നല്‍കി ഉറക്കിയ ഡെ കെയര്‍ ഉടമയ്ക്ക് ഇരുപത്തൊന്നു വര്‍ഷത്തെ തടവ്. കുട്ടികളെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നോട്ടെയെന്ന് ചോദിച്ച രക്ഷിതാക്കളോട് പതിനൊന്ന് മണി മുതല്‍ രണ്ട് മണി വരെ കുട്ടികള്‍ ഉറങ്ങുന്ന സമയമാണെന്ന് ഐറിന്‍ നെതര്‍ലിന്‍ പറഞ്ഞപ്പോള്‍ അസ്വഭാവികത തോന്നിയ മാതാപിതാക്കള്‍ ഡെ കെയറിലെത്തിയതോടെയാണ് ഡെ കെയര്‍ ഉടമയുടെ കള്ളത്തരം പൊളിഞ്ഞത്. അമേരിക്കയിലെ ഒറിഗണിലെ ബെന്‍ഡ് എന്ന സ്ഥലത്താണ് സംഭവം. 

മാതാപിതാക്കള്‍ വിളിച്ചിട്ടും കുട്ടികള്‍ ഉണരാതിരുന്നതോടെയാണ് സംശയം വര്‍ദ്ധിച്ചതും ഡെ കെയറിനെ കുറിച്ച് പരാതി നല്‍കിയതും. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഡെ കെയര്‍ നടത്താനാവശ്യമായ ഒരു യോഗ്യതയും യുവതിയ്ക്ക് ഇല്ലായിരുന്നു. നഴ്സാണെന്ന് തെറ്റിധരിപ്പിച്ചായിരുന്നു സ്ഥാപനം നടത്തിയിരുന്നത്. കുട്ടികളെ ശാന്തരാക്കാന്‍ മിക്കപ്പോഴും നല്‍കുന്ന ഭക്ഷണത്തില്‍ മയക്കു മരുന്ന് കലര്‍ത്തിയായിരുന്നു സ്ഥാപനം നടത്തിക്കൊണ്ടിരുന്നത്. അതീവ അപകടകാരികളായ മരുന്നുകള്‍ വരെ ഇത്തരത്തില്‍ സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തു. 

കുട്ടികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടാകരുതെന്ന നിബന്ധനയും ഇവര്‍ തെറ്റിച്ചു. ആള്‍മാറാട്ടത്തിന് കേസുളളയാളാണ് യുവതി. കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്ഥാപനം പ്രവര്‍ത്തിച്ച് വരികയായിരുന്നു. നേരത്തെ പതിനൊന്ന് മാസമുള്ള ഒരു കുട്ടിയ്ക്ക് ഈ സ്ഥാപനത്തില്‍ നിന്നും തലയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഈ സംഭവം കൂടുതല്‍ പ്രശ്നമാകാത്ത വിധത്തില്‍ യുവതി പരിഹരിക്കുകയായിരുന്നു.