കാസർഗോഡ്: ജപ്തിയുടെ വക്കില്‍ കോൺഗ്രസിന്‍റെ ഒരു ജില്ലാ കമ്മിറ്റി ഓഫിസ്. പ്രതിപക്ഷ നേതാവ് പടയൊരുക്കം തുടങ്ങിയ കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസാണ് ഭൂനികുതി അടക്കാത്തതിന്‍റെ പേരിൽ റവന്യു വകുപ്പ് ജപ്തി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. വിദ്യാനഗറിൽ ദേശീയപാതയോരത്ത് ലീഡർ കെ.കരുണാകരന്‍റെ പേരിലുള്ള ഇരുനില കെട്ടിടമാണ് റവന്യു നികുതി കുടിശിക കാരണം ജപ്തിയിലായിരിക്കുന്നത്.
2,23,200, രൂപയാണ് നികുതി ഇനത്തിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി റവന്യു വിഭാഗത്തിനു നൽകേണ്ടത്. 2015 മാർച്ചിൽ തവണകളായി അടയ്ക്കുന്നതിന് റവന്യു വകുപ്പ് ഡിസിസിക്കു ഇളവ് നല്കിയിരുന്നുവെങ്കിലും അടക്കുവാൻ സാധിച്ചില്ല. 30,000 രൂപ പലിശ ഉൾപ്പടെ കുടിശിക അടച്ചുതീർക്കണമെന്നാവശ്യപ്പെട്ടു നോട്ടിസ് നൽകിയിട്ടും പാർട്ടി മുഖവിലക്കെടുക്കാത്തതാണു റവന്യു വകുപ്പിനെ ചൊടിപ്പിച്ചത്.
ജപ്തിയുടെ ആദ്യ പടിയായി കാസർഗോഡ് തഹസീല്‍ദാര്‍ കെ വി നാരായണന്‍റെ നേതൃത്വത്തിൽ റവന്യു വകുപ്പ് സംഘം ഡിസിസി ഓഫിസിലെത്തി അവസാന നോട്ടീസും നൽകി.1987 ലാണ് കാസർഗോഡ് ഡിസിസി ജില്ലാ കോഗ്രസ് മന്ദിരം പണിയാൻ വിദ്യാനഗറിൽ സ്ഥലം വാങ്ങിയത്. കെ. വെളുത്തമ്പു ഡിസിസി പ്രസിഡന്‍റായിരിക്കെ അന്നത്തെ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയാണ് കരുണാകരന്‍റെ പേരിലുള്ള കെട്ടിടം ജില്ലാ കോൺഗ്രസ് കമ്മറ്റിക്കു സമർപ്പിച്ചത്.
വെളുത്തമ്പുവിനു ശേഷം സി.കെ. ശ്രീധരൻ നാലുവർഷം നയിച്ച ജില്ലാകോൺഗ്രസിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തനായ ഹക്കീം കുന്നിൽ ഡിസിസി പ്രസിഡന്‍റായി ഒരു വർഷമാകുമ്പോഴാണ് ജില്ലാ മന്ദിരം ജപ്തി നേരിടുന്നത്. പടയൊരുക്കം തുടങ്ങിയ കാസർകോട് ജില്ലയിലെ ഡിസിസി യിൽ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായും സൂചനകളുണ്ട്.
