വി എം സുധീരനെ മാറ്റണമെന്ന് എ ഗ്രൂപ്പും ജോസഫ് വാഴ്യക്കന്‍ അടക്കമുള്ള ഐ വിഭാഗത്തിലെ ചില നേതാക്കളും ദില്ലിയില്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും നേതാവിനെ ഉന്നമിടുന്നതിന് പകരം യുവാക്കളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തന ശൈലി മാറ്റണമെന്ന് യുവനേതാക്കള്‍ നിര്‍ദേശിച്ചു. എല്ലാ ഗ്രൂപ്പിലെയും സ്ഥിരം മുഖങ്ങളെയും നേതൃഘടനയില്‍ പൊളിച്ചെഴുത്തും ഉന്നമിട്ട് തലമുറ മാറ്റം വേണമെന്ന് വി ഡി സതീശനും സമാനചിന്താഗതിക്കാരും ആവശ്യപ്പെട്ടു. സുധീരനെ മാറ്റുകയെന്നാവശ്യം ഇപ്പോള്‍ ഹൈക്കമാന്‍ഡ് അംഗീകിരിക്കുന്നില്ല. എന്നാല്‍ ഡി സി സി പ്രസിഡന്റ് പദത്തിലും കെ പി സി സി ഭാരവാഹിത്വത്തിലും യുവാക്കളെ ഉള്‍പ്പെടുത്തി പാര്‍ട്ടി പുനസംഘടന നടത്താനാണ് ശ്രമം. പുനസംഘടനയ്ക്ക് മുമ്പത്തെപ്പോലെ ഗ്രൂപ്പ് വീതം വയ്‌പ്പ് വേണ്ടെന്ന സന്ദേശമാണ് ഡല്ലിയുടേത്. എന്നാല്‍ തൊലിപ്പുറത്തെ മാറ്റത്തിനപ്പുറമൊന്നും തലമുറ മാറ്റ വാദികള്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ എ ഗ്രൂപ്പ് നിരാശരല്ല. വിശാലമായ ചര്‍ച്ച ഇക്കാര്യത്തിലാകാമെന്ന ഹൈക്കമാന്‍ഡ് അറിയിച്ചതു തന്നെ കാരണം. സുധീരനെതിരായ നീക്കത്തില്‍ ഗ്രൂപ്പ് പിന്നോട്ടുമില്ല. സുധീരനോട് നിസഹകരണമെന്ന ലൈനിലേയ്ക്ക് ഗ്രൂപ്പ് മാറുന്നുവെന്നാണ് വിവരം. മുന്നണി ചെയര്‍മാന്‍ പദവിയും വേണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം രണ്ടും കല്‍പിച്ചെടുത്തതെന്നാണ് വിലയിരുത്തല്‍. തോല്‍വിയുടെ ഉത്തരവാദിത്തം സുധീരനും ഏറ്റെടുക്കണമെന്നതില്‍ ഗ്രൂപ്പ് വിട്ടുവീഴ്ചയ്ക്കുമില്ല. തീവ്ര ഗ്രൂപ്പ് വാദികള്‍ക്ക് കീഴടങ്ങില്ലെന്നാണ് ദില്ലി ചര്‍ച്ചകള്‍ക്കു ശേഷം സുധീരനും വ്യക്തമാക്കുന്നത്.