രാജ്ഘട്ടിന് സമീപം നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ നൂറ് കണക്കിന് സ്ത്രീകൾ പങ്കെടക്കുന്നുണ്ട്.
ദില്ലി: ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകണം എന്നാവശ്യപ്പെട്ട് ദില്ലി വനിതാ കമീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. രാജ്ഘട്ടിന് സമീപം നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൂറ് കണക്കിന് സ്ത്രീകൾ പങ്കെടക്കുന്നുണ്ട്.
ഉന്നാവോ, കത്വ ബലാത്സംഗ സംഭവങ്ങളില് ദില്ലിയില് കഴിഞ്ഞ ദിവസം രാത്രിയിലും പ്രതിഷേധം ഉണ്ടായി. ജമ്മു കാഷ്മീരിലെ കത്വയിൽ ക്രൂരമായി പീഡനത്തിനായി കൊല്ലപ്പെട്ട എട്ടു വയസുകാരിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച രാത്രി റാലി നടത്തി. പ്രിയങ്ക ഗാന്ധിയും ഭര്ത്താവ് റോബര്ട്ട് വദ്രയും മകളും പ്രതിഷേധത്തില് പങ്കെടുത്തു. ദില്ലിയില് ക്രൂരമായി കൊല്ലപ്പെട്ട നിര്ഭയ പെണ്കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധത്തില് എത്തിയെന്നാണ് റിപ്പോര്ട്ട്.
കഴിഞ്ഞ ജനുവരി 10 ന് ആണ് കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. എട്ടുവയസുകാരിയെ മയക്കുമരുന്ന് നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്ത് വച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
