കോഴിക്കോട്: കോഴിക്കോട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ ഗെയ്റ്റുംപടി തൊണ്ടിമ്മല്‍ റോഡില്‍ തലയും കയ്യും, കാലും ഇല്ലാത്ത മനുഷ്യന്റെ മൃതദേഹം. ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ റോഡിരികില്‍ തള്ളിയത്. ഒന്നില്‍ നിറയെ അറവ് മാലിന്യങ്ങളായിരുന്നു. രണ്ടാമത്തെ ചാക്ക് കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ കടിച്ചുകീറി റോഡിലിട്ടപ്പോഴാണ് ജഡം നാട്ടുകാര്‍ കണ്ടത്.
മൃതദേഹത്തിന്റെ കൈകാലുകളും തലയും വെട്ടിമാറ്റിയ നിലയിലാണ്. കോഴിക്കടകളില്‍ നിന്നും കശാപ്പ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള അവശിഷ്ടങ്ങളാണ് ഏറെയും ഇവിടെ കൊണ്ടുവന്നിടുന്നത്. കൊലപാതകം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ടീമിനെ നിയമിക്കുമെന്ന് താമരശ്ശേരി ഡിവൈഎസ്പി അഷറഫ് പറഞ്ഞു. കോഴിക്കോട് ചാലിയത്ത് കഴിഞ്ഞ ദിവസം കൈ മാത്രം കണ്ടെത്തിയിരുന്നു. അതുമായിട്ട് ഇതിനു ബന്ധം ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഫോറന്‍സിക് വിഭാഗത്തിനെ ചുമതലപ്പെടുത്തും.
ബേപ്പൂര്‍ സി ഐ രാജേഷിനെയും, കൊടുവള്ളി സിഐ ബിശ്വാസിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. കോഴിക്കോട് നിന്നും എത്തിയ സൈന്റിഫിക് ടീമും, ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത ദിവസങ്ങളില്‍ സമീപ ജില്ലകളില്‍ നിന്ന് കാണാതായവരുടെ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
