ബേപ്പൂര്‍: ബേപ്പൂരിൽ ബോട്ട് തകർന്ന് കാണാതായ നാലു മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ബേപ്പൂർ തീരത്തെത്തിച്ചു. ബോട്ടുടമയായ തൂത്തുക്കുടി സ്വദേശി ആന്‍റണിയുടെ മൃതദേഹമാണ് കരയിലെത്തിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് മൃതദേഹം തീരത്തെത്തിച്ചത്. പോസ്റ്റ്മാര്‍ട്ടം ഇന്നു രാവിലെ 10 മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണമെന്നും ബോട്ടിലിടിച്ച കപ്പൽ ഉടൻ കണ്ടെത്തണമെന്നും ബോട്ട് ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

നേവിയുടെ അഭിനവ് എന്ന കപ്പല്‍ കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി വെള്ളിയാഴ്ച തിരച്ചില്‍ തുടങ്ങിയിരുന്നു. കോസ്റ്റ് ഗാര്‍ഡിന്‍റെ മറ്റൊരു കപ്പല്‍ കൂടി ഇതിനായി ബേപ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ പ്രക്ഷുബന്ധമായത് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാണാതായ മൂന്ന് പേരുടെയും ബന്ധുക്കള്‍ കോഴിക്കോട്ട് എത്തി. ബോട്ട് തകരാന്‍ കാരണമായ കപ്പലിനെതിരെ കോസ്റ്റല്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും കപ്പലിനെ കുറിച്ച് ഇതുവരെയും സൂചനയൊന്നും ലഭിച്ചിട്ടില്ല.

ബേപ്പൂര്‍ തീരത്തുനിന്നും 45 നോട്ടിക്കല്‍ മൈല്‍ അകലെ ബുധനാഴ്ച രാത്രി എട്ടു മണിയ്ക്കാണ് ബോട്ട് തകര്‍ന്നത്. കപ്പല്‍ ബോട്ടിലിടിക്കുകയായിരുന്നു. തമിഴ്നാട്ടില്‍നിന്നുളള ഇമ്മാനുവല്‍ എന്ന മല്‍സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്, സേവ്യര്‍ എന്നിവരെ കോസ്റ്റ് ഗാര്‍ഡ്സ് രക്ഷപ്പെടുത്തിയിരുന്നു.