കൊച്ചി: കുമ്പളം കായലിൽ വീപ്പക്കുള്ളിൽ നിന്ന് പുരുഷന്‍റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തി. കുമ്പളം കായൽക്കരയിൽ പ്ലാസ്റ്റിക് വീപ്പയിൽ അടച്ചനിലയിൽ രാവിലെയാണ് അസ്ഥികൂടം കണ്ടെടുത്തത്. ഡിസംബർ 16ന് കായൽ ശുചീകരണത്തിനിടെ കിട്ടിയ വീപ്പ മത്സ്യതൊഴിലാളികൾ കായലോരത്തെ പറന്പിൽ ഇട്ടിരിക്കുകയായിരുന്നു. രാവിലെ സ്ഥലമുടമ എത്തിയപ്പോൾ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂടം കണ്ടെടുത്തത്.
കൊലപാതകത്തിന് ശേഷം മൃതദേഹം വീപ്പക്കുള്ളിലാക്കി കോൺക്രീറ്റ് നിറച്ച് കായലിൽ ഇട്ടതാകാമെന്നാണ് നിഗമനം. കൊലപാതകം മറയ്ക്കാനുള്ള വിദഗ്ദ ശ്രമം സംഭവത്തിന് പിന്നിൽ കൊട്ടേഷൻ സംഘങ്ങളാണെന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. അസ്ഥികൂടത്തിന്റെ പഴക്കം അറിയാൻ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.
