യുഎഇയിലെ ഫുജൈറയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഒമാന്‍ അല്‍സറൂജിലെ ഡാമില്‍ നിന്നാണ് എറണാകുളം സ്വദേശിയായ ആല്‍ബര്‍ട്ടിന്‍റെ മൃതദേഹം അപകടത്തില്‍പെട്ട് ആറാംദിനം കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സുഹൃത്തുകള്‍ക്കൊപ്പം മഴ ആസ്വദിക്കാനായി ഫുജൈറ വാദിയിലെത്തിയ ആല്‍ബര്‍ട്ട് ഒഴുക്കില്‍പെട്ടത്. മലനിരകളില്‍ നിന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊഴുകിയെത്തിയപ്പോള്‍ വാദിക്കരുകില്‍ നിര്‍ത്തിയിട്ട വാഹനം മാറ്റിവെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തോടുകൂടി ഒഴുകിപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടെങ്കിലും അച്ഛന്‍റെ വാഹനം ഒഴുക്കില്‍പെട്ടുപോകാതിരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.
ഒമാന്‍ -അബുദാബി പോലീസ് ആറുദിവസം സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഒമാനിലെ അല്‍സരൂജ് അണക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.. ഫുജൈറയിലേയും റാസല്‍ഖൈമയിലേയും മലയാളി സംഘടനാ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. റാസല്‍ഖൈമയില്‍ താമസിക്കുന്ന എറണാകുളം പിറവം സ്വദേശികളായ ജോയി - വത്സല ദമ്പതികളുടെ മകനാണ് പതിനെട്ടുകാരനായ ആല്‍ബര്‍ട്ട്.
റാസല്‍ഖൈമ ബിര്‍ല എന്‍ജിനീയറിംഗ് കോളേജില്‍ ഒന്നാംവര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു... മൃതദേഹം ഒമാനിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റു നടപടികള്‍ പൂര്‍ത്തിയായ ശേഷം വീട്ടുകാര്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
