കാസര്‍ഗോഡ് ചെങ്കളയില്‍ നിന്നും കാണാതായ രണ്ടര വയസുകാരന്‍ ഷൈബാന്റെ മൃതദേഹം കണ്ടെത്തി. തളങ്കര ഹാര്‍ബറിനോട് ചേര്‍ന്ന് ചന്ദ്രഗിരി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചേരൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു.

ഇന്നലെയാണ് ചേരൂറിലെ കബീറിന്റെ മകന്‍ ഷൈബാനെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനോട് ചേര്‍ന്നുള്ള ചന്ദ്രഗിരി പുഴയില്‍ കുട്ടി ഒഴുക്കില്‍ പെട്ടെന്നായിരുന്നു സംശയം. പൊലീസിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ തെരച്ചിലും ആരംഭിച്ചു. ഡോഗ് സ്ക്വാഡിന്റെ പരിശോധനയും ഈ സംശയം സ്ഥിരീകരിക്കുന്നതായിരുന്നു. മുങ്ങല്‍ വിദഗ്ദരെ എത്തിച്ച് പുഴയില്‍ വിശദമായ പരിശോധന നടത്തുന്നതിനിടയിലാണ് തളങ്കരയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കിട്ടിയത്. 

ഓണാഘോഷത്തിനിടയിലെത്തിയ ദുരന്ത വാര്‍ത്ത ചേരൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പാണത്തൂരില്‍ സനഫാത്തിമ മരിച്ച് ഒരുമാസത്തിനിടെ സമാനമായ രണ്ടാമത്തെ അപകടമാണിത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചെങ്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു. ശനിയാഴ്ച മൊഗ്രാല്‍ കടപ്പുറത്ത് വോളിബോള്‍ കളിക്കുന്നതിനിടെ കടലില്‍പെട്ട ഖലീലിനെ ഇതുവരേയും കണ്ടത്താനായിട്ടില്ല.