സെപ്റ്റംബര്‍ 21ന് ഹൃദയാഘാതം വന്നു മരിച്ച മുഹമ്മദിന്റെ മൃതദേഹം അന്നു തന്നെ ഖബറടക്കിയിരുന്നു. പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെയും പോലീസ് സര്‍ജന്റെയും സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുക്കും

കാളികാവ്: എട്ടു ദിവസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം മകന്‍റെ പരാതിയെത്തുടര്‍ന്ന് ഇന്ന് വീണ്ടും പുറത്തെടുത്തു പരിശോധിക്കും. കാളികാവ് അഞ്ചച്ചിവിടി മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് പരിശോധിക്കുക. മരണത്തില്‍ ദുരൂഹത ആരോപിച്ച് ആദ്യ ഭാര്യയുടെ മകനാണ് പരാതി നല്‍കിയത്. 

സെപ്റ്റംബര്‍ 21ന് ഹൃദയാഘാതം വന്നു മരിച്ച മുഹമ്മദിന്റെ മൃതദേഹം അന്നു തന്നെ ഖബറടക്കിയിരുന്നു. പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെയും പോലീസ് സര്‍ജന്റെയും സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുക്കും. മുഹമ്മദ് മരിച്ച് 3 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ രണ്ടാം ഭാര്യ രണ്ടു മക്കളെയും കൂട്ടി കുടുംബ സുഹൃത്തിന്റെ കൂടെ നാടു വിട്ടിരുന്നു. 

ഇതാണ് സംശയങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ മകന്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മുഹമ്മദ് മരിച്ചതിന്റെ തലേന്ന് രാത്രി കുടുംബ സുഹൃത്ത് ഇവരുടെ വീട്ടിലുണ്ടായിരുന്നു. രാത്രി ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. കുഴഞ്ഞുവീണ മുഹമ്മദിനെ സുഹൃത്ത് മുറിയില്‍ കിടത്തി. 

ഇതേ മുറിയില്‍ ഇയാളും കിടന്നു. നേരം വെളുത്തതോടെ പെട്ടെന്ന് സ്ഥലം വിട്ടു. മുഹമ്മദിനെ വിളിച്ചിട്ട് എഴുന്നേല്‍ക്കാത്തതിനാല്‍ വീട്ടുകാര്‍ ഡോക്ടറെ വിളിച്ചു പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ഹൃദയാഘാതമാണെന്നായിരുന്നു നിഗമനം. അന്നു തന്നെ ഖബറടക്കവും നടത്തി. 

എന്നാല്‍ ഭാര്യ സുഹൃത്തിന്റെ കൂടെ നാടുവിട്ടെന്ന പരാതി വന്നതോടെയാണ് ബന്ധുക്കള്‍ക്ക് സംശയം ഉണര്‍ന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്.