ദില്ലി: സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച് 31 വരെ നീട്ടി. ആധാര്‍ ഇല്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടില്ലെന്ന് കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ നിലപാടറിയിച്ചു. സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ കെ വേണുഗോപാലാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ സമയം നീട്ടി നല്‍കുമോയെന്ന കോടതിയുടെ ചോദ്യത്തിന് തിങ്കളാഴ്ച നിലപാട് അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‍. ആധാറുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും ഒക്‌ടോബര്‍ 30ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. ആദ്യം സെപ്റ്റംബര്‍ 30 വരെയായിരുന്ന ആധാര്‍ സമയപരിധി പിന്നീട് ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു.