ഹര്‍ത്താൽ സ്വാഭാവിക പ്രതിഷേധമെന്ന് ഡീൻ കുര്യാക്കോസ്. ഹര്‍ത്താലിന്റെ പേരിൽ അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. സ്വമേധയാ കേസെടുത്ത ഹൈക്കോടതി നടപടി മാനിക്കുന്നു എന്നും നിയമപരമായി നേരിടുമെന്നും യൂത്ത് കോൺഗ്രസ് 

തിരുവനന്തപുരം: സിപിഎം സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍ ഡീൻ കുര്യാക്കോസ് പ്രതികരിച്ചു .സിപിഎമ്മിന്റെ എതിരാളികളായത് കൊണ്ടു മാത്രമാണ് കാസര്‍കോട് രണ്ട് പേര്‍ക്ക് ജീവൻ നഷ്ടമായതെന്ന് ഡീൻ പറഞ്ഞു. സ്വാഭാവിക പ്രതിഷേധമെന്ന നിലയിലാണ് ഹര്‍ത്താൽ ആഹ്വാനം ചെയ്തത്.

എവിടെയും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. പ്രവര്‍ത്തകര്‍ സംയമനം വിട്ട് പെരുമാറിയിട്ടുണ്ടെങ്കിൽ അത് നിയന്ത്രിക്കാൻ യൂത്ത് കോൺഗ്രസിന് സംവിധാനം ഉണ്ടെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. ജനവികാരവും പ്രവര്‍ത്തകരുടെ വികാരവും ഉൾക്കൊള്ളേണ്ട ബാധ്യതയുണ്ട്. അത് ഉൾക്കൊണ്ടാണ് ഹര്‍ത്താൽ പ്രഖ്യാപിച്ചതെന്ന് ഡീൻ കുര്യാക്കോസ് വിശദീകരിച്ചു. മിന്നൽ ഹര്‍ത്താലിന്റെ പേരിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി നടപടിയെ മാനിക്കുന്നു. ഇതിനെ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ തന്നെ നേരിടുമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി