Asianet News MalayalamAsianet News Malayalam

മിന്നൽ ഹർത്താൽ: കോടതിയലക്ഷ്യ കേസിൽ ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ കാസ‍ർകോട് ഇരട്ടക്കൊലപാതകത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതിനായിരുന്നു ഇവർക്കെതിരെ കേസെടുത്തത്. 

dean kuriakose will present before high court today
Author
Kochi, First Published Feb 22, 2019, 6:06 AM IST

കൊച്ചി: കോടതിയലക്ഷ്യ കേസിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ഡീനിന് പുറമെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ എം സി കമറുദ്ദീൻ, കൺവീനർ‍ എ ഗോവിന്ദൻ നായർ എന്നിവരും ഇന്ന് ഹാജരാകും. 

ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ കാസ‍ർകോട് ഇരട്ടക്കൊലപാതകത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതിനായിരുന്നു ഇവർക്കെതിരെ കേസെടുത്തത്. ഹർത്താലിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കും ദൃശ്യങ്ങളും ഹാജരാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

മുൻകൂര്‍ നോട്ടീസ് നൽകാതെ ഹര്‍ത്താൽ പ്രഖ്യാപിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് നേതാക്കളോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. ജനുവരി മൂന്നാം തീയതി നടന്ന ഹർത്താലിന് ശേഷം സംസ്ഥാനത്ത് മിന്നൽ ഹർത്താലുകൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. 

ഹര്‍ത്താലോ മിന്നൽ പണിമുടക്കോ പ്രഖ്യാപിക്കുമ്പോൾ ഏഴ് ദിവസത്തെ മുൻകൂര്‍ നോട്ടീസെങ്കിലും വേണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിര്‍ദേശിച്ചിരുന്നു. എന്നാൽ പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഒറ്റ രാത്രി കൊണ്ടാണ് ഫേസ്ബുക്കിലൂടെ യൂത്ത് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. 

ഫെബ്രുവരി 17 നാണ് കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ഫെബ്രുവരി 18 ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios