ഈ മാസം 4-നാണ് കക്കാടം പൊയിലിലെ ജോലി സ്ഥലത്ത് വെച്ച് സുരേഷിനെ മരിച്ച നിലയില്‍ കണ്ടത്. 

മലപ്പുറം: ചീങ്കണ്ണിപ്പാലി കരിമ്പ് കോളനിയിലെ ആദിവാസി യുവാവ് സുരേഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍. ജോലിക്ക് വിളിച്ചു കൊണ്ടു പോയ കക്കാടം പൊയില്‍ സ്വദേശി, സുരേഷിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഈ മാസം 4-നാണ് കക്കാടം പൊയിലിലെ ജോലി സ്ഥലത്ത് വെച്ച് സുരേഷിനെ മരിച്ച നിലയില്‍ കണ്ടത്. 

മരത്തില്‍ കയറിയപ്പോള്‍ ചുഴലി ദീനം വന്ന് താഴേക്ക് വീണ് മരിക്കുകയായിരുന്നുവെന്നാണ് സ്ഥലമുടമയായ ബിനു ചാക്കോ ബന്ധുക്കളെ അറിയിച്ചത്. ബിനുവും ഭാര്യയും ചേര്‍ന്ന് സുരേഷിനെ കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് ബന്ധുക്കളുടെ ആരോപണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പോലീസ് അധികൃതര്‍ മടിക്കുന്നുവെന്നും ബന്ധുക്കള്‍ മടിക്കുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

മൃതദേഹം വീണ്ടും പോസ്‌ററ്‌മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സുരേഷിന്റെ മരണത്തില്‍ അന്വേഷണം നടത്തമെന്ന് ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ പറയുന്നു. ഇതിനു മുമ്പ് ബിനുവിന്റെ പന്നിഫാമില്‍ ജോലി ചെയ്ത കരിമ്പ് കോളനിയിലെ രണ്ട് ആദിവാസികളുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കോളനി നിവാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.