തിരുവനന്തപുരം: ചൈനീസ് ചരക്ക് കപ്പലിലെ ജീവനക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ വിഴിഞ്ഞം തീരദേശ പോലീസ് കേസെടുത്തു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി വിഴിഞ്ഞത്തിന് സമീപം പുറങ്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ ഇന്നലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലുള്ള പരിശോധന നടന്നു. രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടര്‍ന്നു. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ദരും തെളിവുകള്‍ ശേഖരിച്ചു. 

ചൈനീസ് സ്വദേശി യൂ ഷിയാങ് (37) ന്റെ മരണവുമായി ബന്ധപ്പെട്ടാണ് പരിശോധന. ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം എംബാം ചെയത് സൂക്ഷിക്കാന്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. 25 ന് മരണമടഞ്ഞ ഷിയാങിന്റെ മൃതദേഹം 26ന് പോലീസ് ഇന്‍ക്വിസ്റ്റ് തയ്യാറാക്കിയെങ്കിലും ചൈനയില്‍ നിന്നുള്ള ബന്ധുക്കളുടെ സമ്മതപത്രമെത്താന്‍ വൈകിയതോടെ പോസ്റ്റ്‌മോര്‍ട്ടം ഒരു ദിവസം താമസിച്ചു. 

സോളമന്‍ ഐലന്റിലെ പാപ്പു ന്യൂഗിനിയയില്‍ നിന്ന് തൂത്തുക്കുടി തുറമുഖത്ത് തടികള്‍ ഇറക്കിയ ശേഷം ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് പോവുകയായിരുന്ന പനാമ രജിസ്‌ട്രേഷനുള്ള വിവിയന്‍ ഓഷ്യന്‍ എന്ന കപ്പലിലെ ജീവനക്കാരനായിരുന്നു ഷിയാങ്. പടിക്കെട്ടില്‍ നിന്ന് താഴെ വീണ് പരിക്കേറ്റതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നെങ്കിലും അധികൃതര്‍ ഇത് മുഖവിലക്കെടുത്തിട്ടില്ല. വലത് പുരികത്തില്‍ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. 

ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള ഇരുപത്തിരണ്ട് തൊഴിലാളികളെയും ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തൊഴിലാളികളില്‍ ബഹു ഭൂരിപക്ഷം പേരും ചൈനീസ് സ്വദേശികളാണ്. ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്ന് പോലീസ് പറഞ്ഞു. തീരത്ത് നിന്ന് ആറ് കിലോമീറ്റര്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലിന് അന്വേഷണം തീരുന്നതുവരെ യാത്ര ചെയ്യാനുള്ള അനുമതിയില്ല. എസ്.പി.അജിത്തിന്റെ മേല്‍നോട്ടത്തില്‍ ഫോര്‍ട്ട് എ.സി. ദിനില്‍, വിഴിഞ്ഞം സി.ഐ. എന്‍.ഷിബു, കോസ്റ്റല്‍ പൊലീസ് എസ്.ഐ ഷാനിബാസ്, സിവില്‍ പൊലീസ് ഓഫീസര്‍ സതീഷ് കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘത്തിനാണ് അന്വേഷണ ചുമതല.