Asianet News MalayalamAsianet News Malayalam

ജിഷ്ണുവിന്‍റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

death of jishnu from nehru engineering college
Author
Palakkad, First Published Jan 11, 2017, 1:47 PM IST

പാലക്കാട്: ഏറെ വിവാദമായ സംഭവത്തിൽ കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് ചൊവ്വാഴ്ച രാത്രിയോടെ പൊലീസ് അന്വേഷണം പ്രഖ്യാപിക്കുന്നത്. ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെ ചുമതലയേൽപ്പിച്ചുവെന്ന് അറിയിപ്പും വന്നു. ഇതോടെയാണ് ബിജു കെ സ്റ്റീഫൻ സസ്പെൻഡു ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണെന്ന വാർത്ത പുറത്താവുന്നത്. സ്വത്തുസമ്പാദനത്തിന്‍റെയും, അഴിമതിയുടേയും കേസുകളിൽപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് ഡിവൈഎസ്പിമാരിൽ ഒരാളാണ് ബിജു കെ സ്റ്റീഫൻ. 

പക്ഷേ, ബിജുവിന്‍റെ മാത്രം സസ്പെൻഷൻ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയില്ല.കഴിഞ്ഞ മാസം 27ന് മുഖ്യമന്ത്രി ഒപ്പിട്ട തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു തന്നെയാണ് വാർത്താക്കുറിപ്പായി ഇറങ്ങിയത്. എന്നിട്ടും ഉത്തരവ് ഇതുവരെയും പുറത്തിറങ്ങാത്തതിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നുകഴിഞ്ഞു. സ്വാശ്രയ വിദ്യാഭ്യാസമേഖലയാകെ കലുഷിതമാക്കി, വിദ്യാർത്ഥിരോഷം ഇത്രയേറെ ശക്തമായ സംഭവത്തിൽ നിരുത്തരവാദപരമായി അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച നടപടി സർക്കാരിനു തന്നെ നാണക്കേടായി.

ബിജെു കെ.സ്റ്റീഫന്‍റെ നേതൃത്വത്തിലുള്ള  സംഘം കോളജിലെത്തി അന്വേഷണം തുടങ്ങുകയും ചെയ്ത ശേഷമാണ് കൂടുതൽ നാണക്കേടിൽ നിന്നു തലയൂരി ഡിജിപി തീരുമാനം മാറ്റി പുതിയ സംഘത്തെ അന്വേഷണം ഏൽപ്പിച്ചത്.ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് പുതിയ ചുമതല.

അതേ സമയം പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്‍റെ ആത്മഹത്യാ കുറിപ്പെന്ന് സംശയിക്കുന്ന ഒരു കുറിപ്പ് കോളേജില്‍ നിന്ന് കണ്ടെത്തി. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് ഹോസ്റ്റിലിന് പരിസരത്ത് നിന്ന് ഇന്ന് വൈകുന്നേരം കുറിപ്പ് കണ്ടെത്തിയത്. കുറിപ്പില്‍ 'ഞാന്‍ അവസാനിപ്പിക്കുന്നു' എന്നെഴുതി വെട്ടിയിട്ടുണ്ട്. എന്റെ ജീവിതം പോയി, സ്വപ്നങ്ങളും എന്നും ഇതില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇത് ജിഷ്ണു തന്നെ എഴുതിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി കൂടുതല്‍ പരിശോഘനകള്‍ ക്രൈം ബ്രാഞ്ച് സംഘം നടത്തിവരികയാണ്.

 

Follow Us:
Download App:
  • android
  • ios