കോട്ടയം: കോട്ടയം കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ സൗദി ബാലന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു. നാലുവയസുകാരനായ മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയാണ് കുളിക്കാനിറങ്ങിയ കുട്ടി മരിച്ചത്. മജീദ് ആദിന്‍ മുങ്ങി മരിക്കുകയായിരുന്നു എന്നാണ് റിസോര്‍ട്ട് അധികൃതര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ മകന്‍ മുങ്ങി മരിക്കുകയായിരുന്നില്ലെന്നും നീന്തല്‍ കുളത്തിലെ വൈദ്യുതാഘാതമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നും പിതാവ് ഇബ്രാഹിം ആരോപിച്ചു.
കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച റിസോര്‍ട്ടിലെ മറ്റൊരു വ്യക്തിയും കുളത്തില്‍ വൈദ്യുതാഘാതം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കി. കുട്ടിയുടെ കൈയില്‍ പിടിച്ചപ്പോള്‍ ഷോക്കേറ്റതിനെ തുടര്‍ന്ന് താന്‍ കൈ വിടുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കുട്ടി മരിച്ചതിനെ തുടര്‍ന്ന് സ്വകാര്യ റിസോര്‍ട്ടിനെതിരെ സമീപ വാസികള്‍ വലിയ ആക്ഷേപമാണുന്നയിക്കുന്നത്.
