1980- ലെ ബചൻ സിംഗ്, മാച്ചി സിംഗ് കേസുകളിലെ സുപ്രീം കോടതി റൂളിംഗ് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദീപക് ഗുപ്ത ഇന്ത്യൻ ശിക്ഷാനിയമത്തിൽ വധശിക്ഷ ഇന്നും പ്രസക്തമാണ് എന്ന് വിധിച്ചു. എന്നാല്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വിധിയോട് വിയോജിച്ചു. 

ദില്ലി: ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്നത് തുടരാമെന്ന് സുപ്രീംകോടതി. മൂന്നംഗബഞ്ചിൽ ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ വിയോജിപ്പോടെ ഭൂരിപക്ഷ വിധി ആയാണ് വധശിക്ഷ തുടരാമെന്ന് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവർ വധശിക്ഷയെ അനുകൂലിച്ചു. വധശിക്ഷ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്നുതന്നെ ഒഴിവാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ സമയമായി എന്നായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ വിധിന്യായം.

സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കാന്‍ വധശിക്ഷക്ക് ആയിട്ടില്ലെന്ന് 262ാം ലോ കമ്മീഷൻ റിപ്പോർട്ട് വിധിന്യായത്തിൽ ഉദ്ധരിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. കീഴ്ക്കോടതി വധശിക്ഷക്ക് വിധിച്ച ഒരു പ്രതിയുടെ അപ്പീൽ അപേക്ഷ പരിഗണിക്കുന്നതിനിടെ ആണ് വിധിന്യായം.

പൊതുജനാഭിപ്രായം അന്വേഷണ ഏജൻസികളെ സ്വാധീനിക്കാറുണ്ടെന്നും വിചാരണക്കാലത്ത് കോടതികളെ അത് സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും ബഞ്ചിലെ മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് കുര്യൻ ജോസഫ് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ ജസ്റ്റിസ് ദീപക് ഗുപ്തയും ഹേമന്ദ് ഗുപ്തയും അദ്ദേഹത്തോട് വിയോജിച്ചു. 1980- ലെ ബചൻ സിംഗ്, മാച്ചി സിംഗ് കേസുകളിലെ സുപ്രീം കോടതി റൂളിംഗ് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദീപക് ഗുപ്ത ഇന്ത്യൻ ശിക്ഷാനിയമത്തിൽ വധശിക്ഷ ഇന്നും പ്രസക്തമാണ് എന്ന് വിധിച്ചു. വധശിക്ഷ ഉചിതമോ എന്ന് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അദ്ദേഹം വിധിന്യായത്തിൽ പറയുന്നു.

അതേസമയം കോടതി പരിഗണിച്ച ചാന്നു ലാൽ വെർമയുടെ വധശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കുന്നതിൽ മൂന്ന് ന്യായാധിപർക്കും ഏകാഭിപ്രായം ആയിരുന്നു. 2011- ൽ മൂന്ന് പേരെ കൊന്ന കേസിലായിരുന്നു ചാന്നു ലാലിന് വധശിക്ഷ വിധിച്ചത്. ചാന്നു ലാലിന് ജീവപര്യന്തം മതിയായ ശിക്ഷ ആകില്ലെന്ന് സംശയാതീതമായി തെളിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി