തിരുവനന്തപുരം: തലസ്ഥാനത്തെ എസ് കെ ആശുപത്രിയുടെ കെട്ടിടത്തിനു മുകളിൽ നിന്നു ചാടിയ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ . യുവതിയുടെ മൃതദേഹവുമായി ജനകീയ സമിതി ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. മൃതദേഹവുമായി പ്രതിഷേധിച്ചതിൽ നാട്ടുകാരും ബന്ധുക്കളും തമ്മിലും തർക്കമുണ്ടായി
തിരുവനന്തപുരം എസ് കെ ആശുപത്രിയുടെ നാലാം നിലയിൽ നിന്നു താഴേക്ക് ചാടിയ പ്രാവച്ചമ്പലം സ്വദേശിയായ അഞ്ജു ഇന്നലെ വൈകീട്ടാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പരിക്കുകളോടെ അഞ്ജുവിനെ രം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ് കെ ആശുപത്രിയിലെ മുൻ ജീവനക്കാരിയായിരുന്ന അഞ്ജുവിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹവുമാി ജനകീയ സമിതി എസ് കെ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു
തങ്ങളുടെ അനുമതിയില്ലാതെയാണ് ആശുപത്രിക്ക് മുന്നിലേക്ക് മൃതദേഹവുമായി പ്രതിഷേധിക്കാനെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
ബന്ധുക്കളും ജനകീയസമിതി പ്രവർത്തകരും തമ്മിൽ ആശുപത്രിക്ക് മുന്നിൽ വാക്കേറ്റവുമുണ്ടായി.ഒടുവിൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. വിദേശത്ത് ജോലിക്ക് പോകാൻ നേരത്തെ ജോലി ചെയ്തതിന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ സ്വകാര്യ ആശുപത്രിയിലെതിയ ദിവസമാണ് അഞ്ജു മരിച്ചത്. മുൻ ജീവനക്കാരിയുടെ മരണത്തെ കുറിച്ച് അറിവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പൊലീസ് അന്വേഷണം തുടരുകയാണ്.
