ബാഗ്ദാദ്: ഒരു സെൽഫിയെടുത്തതിന്റെ പേരിൽ രാജ്യം വിടേണ്ടി വന്നിരിക്കുകയാണ് മിസ് ഇറാഖായി സൗന്ദര്യകിരീടമണിഞ്ഞ സാറ ഇഡൻ. സാറയെ ചതിച്ചത് ഒരു "അന്താരാഷ്ട്ര സെൽഫി'യാണ്. കഴിഞ്ഞ മാസം നടന്ന മിസ് യൂണിവേഴ്സ് പേജന്റ് മത്സരത്തിനിടെ മിസ് ഇസ്രയേൽ അഡർ ഗണ്ടേൽസ്മാനുമായി ചേർന്നൊരു സെൽഫിയെടുത്തതാണ് സാറ ചെയ്ത കുറ്റം.
വർഷങ്ങളായി ഇസ്രയേലുമായി ശത്രുതയുള്ള ഇറാക്കിലെ "രാജ്യസ്നേഹി'കളെയെല്ലാം ഈ ചിത്രം വല്ലാണ്ട് പ്രകോപിപ്പിച്ചു. ചിത്രം മാറ്റിയില്ലെങ്കിൽ സാറയുടെ തല വെട്ടുമെന്നായി ഭീഷണി. താനും അഡറും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിൽ ഒരു ചിത്രമെടുത്തതാണെന്നും ചിത്രം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നു സാറ കെഞ്ചിയിട്ടും കൊലവിളി അവസാനിച്ചില്ല.
ഇപ്പോഴിതാ ഭീഷണി അസഹനീയമായതോടെ സാറയുടെ കുടുംബം ഇറാക്കിൽനിന്നു പലായനം ചെയ്തിരിക്കുകയാണ്. വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന സാറയെ നേരിട്ടുകിട്ടാതെ വന്നതോടെയാണ് ഇറാക്കിലുള്ള കുടുംബാംഗങ്ങൾക്കു നേരേ പ്രതിഷേധക്കാർ തിരിഞ്ഞത്. പ്രശ്നങ്ങൾ ശാന്തമാകുന്ന മുറയ്ക്ക് തിരിച്ചെത്താനാണ് സാറയുടെ കുടുംബാംഗങ്ങളുടെ പദ്ധതി.
