ചെന്നൈ: ഓഖി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴക്കെടുതിയിൽ തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. തിരുനെൽവേലി ജില്ലയിൽ ഒരു സ്ത്രീയുൾപ്പടെ രണ്ട് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ദ്വീപുകൾക്ക് തെക്ക് ഭാഗത്ത് രൂപം കൊള്ളുന്ന ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഇതിന്‍റെ ഫലമായി തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. കന്യാകുമാരിയിൽ നിന്ന് മീൻ പിടിയ്ക്കാൻ പോയ അഞ്ഞൂറോളം പേർ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നും അറുപത് പേരെയാണ് കാണാതായതെന്ന സംസ്ഥാനസർക്കാരിന്‍റെ വാദം തെറ്റാണെന്നും തീരദേശവാസികൾ പറയുന്നുണ്ട്.
അതേസമയം ലക്ഷദ്വീപിൽ ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. രണ്ടു ദിവസമായി ദ്വീപിൽ കനത്ത നാശം വിതച്ച കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്.
