ജെയ്ഷേ മുഹമ്മദിന്‍റെ ആത്മഹത്യാ സ്ക്വാഡ് അംഗവും പുല്‍വാമ സ്വദേശിയുമായ ആദില്‍ മുഹമ്മദാണ് സ്ഫോടകവസ്തുകള്‍ നിറച്ച കാര്‍ സൈനികര്‍ സഞ്ചരിച്ച ബസിന് നേരെ ഇടിച്ചു കയറ്റിയത്. 

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 20 ജവാന്‍മാര്‍ കൊലപ്പെട്ടു. അവന്തിപൊരയ്ക്ക് അടുത്ത് ഗൊരിപൊരയില്‍ വച്ചാണ് സംഭവം. 

സിആര്‍പിഎഫ് വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഇതിലുണ്ടായിരുന്ന ഒരു സൈനികബസിന് നേരെ സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് വിവരം. ഇതേ തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് ജവാന്‍മാര്‍ക്ക് പരിക്കേറ്റതും മരണസംഖ്യ ഉയര്‍ന്നതും. ആക്രമണത്തില്‍ 44-ഓളം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. വാഹനവ്യൂഹത്തില്‍ 2500-ഓളം സിആര്‍പിഎഫ് ജവാന്‍മാരുണ്ടായിരുന്നുവെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പുല്‍വാമ സ്വദേശിയായ ആദില്‍ അഹമ്മദാണ് സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ ജയ്ഷെ മൊഹമ്മദിന്‍റെ ആത്മഹത്യാസ്ക്വാഡില്‍ ഉള്‍പ്പെട്ടയാളാണ് എന്നാണ് വിവരം. 

70 സൈനികവാഹനങ്ങള്‍ അടങ്ങിയ വ്യൂഹമം ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് നീങ്ങുന്നതിനിടെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 2016-ലെ ഉറി ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാവുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണ് ഇത്. ഉറി ആക്രമണത്തില്‍ 17 സൈനികരാണ് കൊലപ്പെട്ടിരുന്നത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…