ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡറെ സൈന്യം വധിച്ചതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുടങ്ങിക്കിടന്ന അമര്‍നാഥ് യാത്ര പുനരാരംഭിച്ചു.

ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ചതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നാം ദിനവും കശ്മീര്‍ താഴ്വരയില്‍ അശാന്തി തുടരുകയാണ്. 10 ജില്ലകളില്‍ നിരോധനാജ്ഞ തുടരുന്നു. പൊലീസ് ജീപ്പ് നാട്ടുകാര്‍ ത്ധലം നദിയിലേക്ക് തള്ളിയിട്ടു. വിഘടനവാദികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നതിനാല്‍ മേഖല കനത്ത സുരക്ഷയിലാണ്. 1200 അര്‍ദ്ധസൈനികരെ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലേക്ക് അയച്ചു. 65ആം പിറന്നാള്‍ ആഘോഷം ഉപേക്ഷിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ദില്ലിയില്‍ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ പ്രത്യേക മന്ത്രിസഭാ യോഗവും ചേര്‍ന്നു. ഇന്നലെ മുതല്‍ മുടങ്ങിക്കിടന്ന ജമ്മുബേസ് ക്യാന്പില്‍ നിന്നുള്ള അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. ഇന്ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു. മൊബൈല്‍ഇന്റര്‍നെറ്റ് സേവനങ്ങളും ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചിട്ടില്ല. ഇന്നലെ കാണാതായ മൂന്ന് സൈനികര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.