മുംബൈ: രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച പ്രസംഗിച്ച ശിവസേന എം.പി സഞ്ജയ് റാവത്തിന് ശക്തമായ മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രാഹുലിനെ പിന്തുണച്ച് കോണ്‍ഗ്രസിനൊപ്പം ചേരാനാണെങ്കില്‍ ആ തീരുമാനവുമായി മുന്നോട്ട് പോകണം. ചോറ് ഇവിടെയും കൂറ് അവിടെയും എന്നുള്ള നിലപാട് വേണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു. രണ്ടിടത്തും മാറിമാറി നില്‍ക്കുന്ന നിലപാട് ശിവസേന മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെന്ന ശിവസേനാ എംപി സഞ്ജയ് റാവുത്തിന്റെ പരാമര്‍ശത്തിനാണ്് ഫഡ്‌നാവിസിന്റെ ചുട്ട മറുപടി.
ഒരേസമയം ഭരണപക്ഷവും പ്രതിപക്ഷവും ആകുന്നത് അംഗീകരിക്കാനാവില്ല. ബാല്‍ താക്കറെ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത്തരം നിലപാടുകളെടുത്തിട്ടില്ല. എന്നാല്‍ ഇവര്‍ക്കൊപ്പം നില്‍ക്കുന്ന ചില നേതാക്കന്മാര്‍ പാര്‍ട്ടിയേക്കാള്‍ വലുതാണ് തങ്ങളെന്ന് ചിന്തിക്കുന്നവരാണ്. ഇതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും അദ്ദേഹം പറഞ്ഞു.
