നിയയമസഭയില്‍ പ്രത്യേക ബ്ലോക്കാകുകയെന്ന കെ.എം മാണിയുടെ നിക്കത്തിന് ബലമേകുന്ന ധാരണയാണ് പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തിലുണ്ടായത്. എന്തു തീരുമാനമെടുത്താലും പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാകില്ലെന്ന് ഉറപ്പിക്കാനും മാണിക്കായി. ഏതു തീരുമാനത്തിലും ഒന്നിച്ചെന്ന് മാണിയും ജോസഫും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്.
നിയമസഭയില്‍ പ്രത്യേക ബ്ലോക്കെങ്കില്‍ സഭയ്ക്കു പുറത്ത് സമദൂര നിലപാടിനാണ് നീക്കം. എല്ലാ കാര്യത്തിനും സര്‍ക്കാരിനെ എതിര്‍ക്കുന്ന രീതി വേണ്ടെന്നാണ് ധാരണ. പകരം ചില വിഷയങ്ങളില്‍ സര്‍ക്കാരിന് പാര്‍ട്ടി പിന്തുണയ്ക്കുകയും ചെയ്യാം. കോണ്‍ഗ്രസുമായുള്ള ചങ്ങാത്തം നഷ്ടക്കച്ചവടം മാത്രമെന്ന വിലയിരുത്തലിലാണ് മാണിയുടെയും കൂട്ടരുടെയും നീക്കങ്ങള്‍.
പാര്‍ട്ടി സ്വതന്ത്ര നിലപാട് എടുക്കുന്നതോടെ കോണ്‍ഗ്രസ് കടുത്ത സമ്മര്‍ദത്തിലാകുമെന്നാണ് കണക്കുകൂട്ടല്‍ . എം.എല്‍.എമാരുടെ യോഗത്തിലുണ്ടായ ധാരണ ചരല്‍ക്കുന്ന് ക്യാംപിനിടെ ചേരുന്ന നേതൃയോഗത്തെ അറിയിക്കും . ക്യാംപിലുണ്ടാകുന്ന പൊതുവികാരത്തിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും നേതൃയോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
അതേ സമയം പ്രത്യേക ബ്ലോക്കാകുന്നതോടെ യു.ഡി.എഫുമായുള്ള ബന്ധം എങ്ങനെയെന്ന കാര്യത്തില്‍ പാര്ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടു താനും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുനയനീക്കവുമായി മാണിയെ വിളിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കുഞ്ഞാലിക്കുട്ടിയും മാണിയെ വിളിച്ചു. ചരല്‍ക്കുന്ന ക്യാംപിന് മുന്പ് അദ്ദേഹം മാണിയെ കാണും. ഇതിനിടെ യു.ഡി.എഫ് ശിഥിലമാകാന്‍ പോകുന്നുവെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രതികരിച്ചു.
