തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കട്ടിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ജില്ലാ കളക്ടര്‍ വിളിച്ച ദേവസ്വങ്ങളുടെ യോഗം വൈകിട്ട് മൂന്നിന് ചേരും. പ്രഹരശേഷി കൂടുതലുള്ള അമിട്ടുകള്‍ ഒഴിവാക്കാനാണ് ആലോചന. പൂരം കൊടിയേറ്റത്തിന്റെ ഭാഗമായി ഇന്ന് നടക്കാനിരുന്ന വെടിക്കെട്ട് ഒഴിവാക്കിയതായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചു.

തൃശൂര്‍ പൂരത്തിന് നാല് വെടിക്കെട്ടുകളാണ് പ്രധാനമായുമുള്ളത്. ആദ്യത്തേത് പൂരക്കൊടിയേറ്റത്തിന് ശേഷമുള്ള ചെറു വെടിക്കെട്ട്. പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വെടിക്കെട്ട് ദേവസ്വങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. ഇനിനടക്കാനുള്ളത് പതിനഞ്ചിന് നിശ്ചയിച്ചിരിക്കുന്ന സാംപിള്‍ വെടിക്കെട്ടും പതിനെട്ടിന് പുലര്‍ച്ചെയുള്ള പൂരം വെടിക്കെട്ടും അന്ന് ഉച്ചയോടെയുള്ള പകല്‍ വെടിക്കെട്ടുമാണ്.

ഇത്തവണ പ്രഹരശേഷി കൂടിയ അമിട്ടുകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് ആലോചനകള്‍ നടത്തുന്നത്. പകരം വര്‍ണ-വിസ്മയങ്ങള്‍ക്കാവും പ്രാധാന്യം നല്‍കുക. ഉച്ചതിരിഞ്ഞ് ജില്ലാ കളക്ടര്‍ വിളിച്ച തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളുടെ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇത്തവണ സുരക്ഷ കര്‍ശനമാക്കിയതായി ദേവസ്വങ്ങള്‍ അറിയിച്ചു.

കൊക്കര്‍ണിപ്പറമ്പിന് സമീപത്താണ് തിരുവമ്പാടിയുടെ വെടിക്കെട്ട് പുര. പാറമേക്കാവിന്‍റെ വെടിക്കെട്ട് സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് വിദ്യാര്‍ഥി കോര്‍ണറിന് സമീപമാണ്. ഇരുസ്ഥലത്തും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.