പെരുമ്പാവൂർ: പള്ളിയിൽ ആരാധന തടഞ്ഞ സംഭവത്തില്‍ കോടതി വിധി നടപ്പാക്കാത്തത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി. പൊലീസ് റവന്യു അധികാരികളുടെ നടപടി പ്രതിഷേധാർഹമെന്നും ഓർത്തഡോക്സ് സഭ വിശദമാക്കി.  സംഭവം ആത്മാഭിമാനത്തിനു മേലുള്ള വെല്ലുവിളിയെന്ന് സഭാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളിയിലാണ് രാവിലെ  വീണ്ടും ഓർത്തഡോക്സ് യാക്കോബായ തർക്കമുണ്ടായത്. 

രാവിലെ കുർബാനക്കെത്തിയ ഓർത്തഡോക്സ് വിഭാഗക്കാരെ യാക്കോബായ വിശ്വാസികൾ തടഞ്ഞിരുന്നു. നടപടിയ്ക്കെതിരെ നാളെ കോടതിയെ സമീപിക്കാനാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നീക്കം. രാവിലെ ആറ് മണിയോടെ ഓർത്തഡോക്സ് വിഭാഗക്കാർ കുര്‍ബാനക്കായി പള്ളിയിൽ എത്തിയപ്പോള്‍ യാക്കോബായ വിഭാഗം പ്രവേശന കവാടം അടച്ചിടുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും പള്ളിക്കുളിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെ ഓർത്തഡോക്സ് വിഭാഗവും പള്ളിയുടെ ഗേറ്റ് പുറത്ത് നിന്ന് പൂട്ടി പ്രതിഷേധം തുടങ്ങി. പെരുമ്പാവൂർ തഹസിൽദാറുടെ നേതൃത്വത്തിൽ അനുനയ ചർച്ചകള്‍ നടന്നെങ്കിലും വിഫലമായി.പെരുമ്പാവൂർ കോടതി ഉത്തരവ് അനുസരിച്ചു പള്ളിയുടെ ഉടമസ്ഥാവകാശം വിട്ടു കിട്ടും വരെ പ്രതിഷേധം തുടരുമെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്.

 

മുനിസിഫ് കോടതി ഉത്തരവിന് വിരുദ്ധമായി പള്ളിയിൽ അതിക്രമിച്ചു കയറി എന്ന് ആരോപിച്ചു യാക്കോബായ വിഭാഗത്തിനെതിരെ ഓർത്തഡോക്സ് സഭ പെരുമ്പാവൂർ പോലീസിൽ പരാതിയും നൽകി. എന്നാൽ പള്ളിക്കുളിലേക്കു ഓർത്തഡോക്സ് വിഭാഗക്കാരെ കയറ്റിലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യാക്കോബായ സഭ . ഓർത്തഡോക്സ് വിഭാഗത്തിനനുകൂലമായ മുൻസിഫ് കോടതി വിധിയ്ക്കെതിരെ അപ്പീൽ നൽകുമെന്നും ഇവർ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയാണ് സ്ഥലത്തു ഒരുക്കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് യാക്കോബായ വിഭാഗം ഓർത്തഡോക്സ് വിഭാഗത്തെ തടയുന്നത്.