ഇതുവരെ ചത്തത് 15 മാനുകള്‍ പരിശോധനാഫലത്തിനായി കാത്ത് അധികൃതർ 'ചുവപ്പുനാടയില്‍ കുരുങ്ങി' മാനുകള്‍ ഹില്‍പാലസില്‍ മാനുകള്‍ സുരക്ഷിതരോ?

എറണാകുളം: ഹില്‍പാലസ് മ്യൂസിയത്തിലെ മാന്‍പാര്‍ക്കില്‍ മാനുകളുടെ കൂട്ടമരണത്തിന് കാരണം രോഗബാധയെന്ന് സംശയം. മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധനാഫലം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. രണ്ടാഴ്ചയ്ക്കിടെ 15 മാനുകളാണ് ഹില്‍പാലസില്‍ ചത്തത്.

മഴ തുടങ്ങിയതോടെയാമ് ഹില്‍പാലസിലെ മാന്‍ പാര്‍ക്കില്‍ മാനുകളുടെ കൂട്ടമരണം തുടങ്ങിയത്. പരസ്പരം വഴക്കടിച്ചും കുത്തിയും മാനുകള്‍ ചാവുന്നത് പതിവാണെങ്കിലും രോഗ ലക്ഷണത്തോടെ എട്ടോളം മാനുകള്‍ ചത്തതാണ് സംശയത്തിന് ഇടയാക്കിയത്. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. കുളമ്പ് രോഗം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് മാന്‍പാര്‍ക്ക് അധികൃതര്‍

നിലവില്‍ 224 പുള്ളിമാനുകളും 31 മ്ലാവുകളുമാണ് പാർക്കിലുള്ളത്. രോഗം വന്നാല്‍ ചികിത്സിക്കാന്‍ ഒരു ഡോക്ടർപോലും പാർക്കിലില്ല. ഇത്രയും മാനുകള്‍ക്ക് ഒരുമിച്ച് കഴിയാനാവിശ്യമായ സ്ഥലവും സൗകര്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര മൃഗശാലാ അതോറിറ്റി പാർക്കിന്‍റെ അംഗീകാരം 2013ല്‍ റദ്ധാക്കിയിരുന്നു. ഒപ്പം മാനുകളെ മ്യൂസിയം വളപ്പില്‍നിന്നും എത്രയും പെട്ടെന്ന് മാറ്റണമെന്നും നിർദേശിച്ചിരുന്നു. ഒന്നും നടപ്പായില്ല.