സ്കോര്‍പിന്‍ അന്തര്‍വാഹിനിയുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു ഇതുവരെ പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ കനത്ത ആഘാതമുണ്ടാക്കുന്നതാണ് ചോര്‍ച്ചയെന്ന് പ്രതിരോധമന്ത്രി സമ്മതിച്ചു. ആശങ്കപ്പടേണ്ട അവസ്ഥയില്ല. എങ്കിലും ഗൗരവമായിട്ടാണ് പ്രശ്നം കൈകാര്യം ചെയ്യുന്നതെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഫ്രാന്‍സില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തേണ്ടി വരുമെന്നും ഇന്ത്യ മുന്നറിപ്പ് നല്‍കി. സംഭവത്തെക്കുറിച്ച് നാവികസേന ആഭ്യന്തര പരിശോധന ആരംഭിച്ചു. സ്കോര്‍പിന്‍ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ 2011ല്‍ ഇന്ത്യയില്‍ വന്ന ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ മോഷ്‌ടിച്ചതാണെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര പരിശോധന നടത്താന്‍ നാവികസേന ഉത്തരവിട്ടത്. അന്തര്‍വാഹിനിക്കായി 2011ല്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്കോര്‍പിന്‍ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ചോര്‍ന്നതോടെ ഫ്രഞ്ച് കമ്പിനിയുമായി രൂപരേഖയ്ക്ക് ധാരണയുണ്ടാക്കിയ മറ്റ് രാജ്യങ്ങളും ആശങ്കയിലായി. തങ്ങളുടെ അന്തര്‍വാഹിനിയുടെ വിശദാംശങ്ങള്‍ സുരക്ഷിതമായിരിക്കണമെന്ന് ഓസ്‍ട്രേയില ഡി.സി.എന്‍.എസ് മുന്നറിയിപ്പ് നല്‍കി. 12 അന്തര്‍വാഹിനികള്‍ക്കുള്ള കരാറാണ് ഓസ്‍ട്രേലിയ ഡി.സി.എന്‍.എസുമായി ഒപ്പിട്ടിരിക്കുന്നത്.
