ദില്ലി: പൂട്ടിയിട്ട കാറിനുള്ളിൽ ശ്വാസംകിട്ടാതെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മരിച്ചു. ദില്ലി പ്രാന്തത്തിലെ രൻഹോളയിലാണു ദാരുണ സംഭവം. സോനു(5), രാജ്(6) എന്നിവരാണ് കാറിനുള്ളിൽപ്പെട്ട് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടികളെ കാണാതായത്. തുടര്‍ന്ന് തിരച്ചിലില്‍ ഇവരെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ പിതാവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള ടാക്സി കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തിയ രാജു കാർ ലോക്ക് ചെയ്യാതെ മുറിയിലേക്കു പോയി. പിന്നീട് കാർ പൂട്ടാൻ മറന്നകാര്യം ഓർമിച്ചപ്പോൾ റിമോട്ട് കീ ഉപയോഗിച്ച് ദൂരെനിന്നു കാർ പൂട്ടി. ഈ സമയത്തിനുള്ളിൽ കുട്ടികൾ കാറിൽ കുരുങ്ങിയതായാണു കരുതുന്നത്. പിന്നീട് ഇവരെ കണ്ടെത്തിയപ്പോഴേയ്ക്കും കുട്ടികൾ ഇരുവരും മരിച്ചിരുന്നു.
