മാനഹാനി ഉണ്ടായി എന്ന് പറഞ്ഞെങ്കിലും ഷിംജിത പൊലീസിൽ പരാതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതി ആണ് ജാമ്യാപേക്ഷ പരിഗണിക്കുക.

കോഴിക്കോട്: ലൈം​ഗികാതിക്രമം ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജിവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസിലെ സിസിടിവിയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഷിംജിതയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. മാനഹാനി ഉണ്ടായി എന്ന് പറഞ്ഞെങ്കിലും ഷിംജിത പൊലീസിൽ പരാതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതി ആണ് ജാമ്യാപേക്ഷ പരിഗണിക്കുക.

ഷിംജിത ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇതിൽ പ്രധാനമായും പറയുന്നത്, ദീപക്കിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ഏഴോളം വീഡിയോകളാണ് ഷിംജിത ചിത്രീകരിച്ചിട്ടുള്ളത്. അവയിൽ പലതും പലപ്പോഴായി ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും സഞ്ചരിച്ചിരുന്ന അൽഅമീൻ ബസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. 

സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. എന്നാൽ ഷിംജിത ആരോപിച്ചത് പോലെ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ബസിൽ യാത്ര ചെയ്തവരും ബസ് ജീവനക്കാരും ഇത് സംബന്ധിച്ച യാതൊരു പരാതിയും നൽകിയിട്ടില്ല. സംഭവത്തിന് ശേഷം വളരെ സ്വാഭാവികമായിട്ടാണ് ഷിംജിതയും ദീപക്കും ബസിൽ നിന്നും ഇറങ്ങിപ്പോകുന്നതെന്നും പൊലീസ് പറയുന്നു. 

ഇത്തരത്തിൽ അതിക്രമം നേരിട്ടാൽ പൊലീസിൽ പരാതിപ്പെടുകയാണ് വേണ്ടത്. എന്നാൽ ഷിംജിത പരാതി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ദീപക്കിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചതെന്നും പൊലീസ് പറയുന്നു. ഷിംജിതയ്ക്ക് ജാമ്യം നൽകരുതെന്നും റിമാൻഡിൽ വിടണമെന്നുമാണ് പൊലീസ് ആവശ്യപ്പെടുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming