ലുഫ്താന്‍സ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ദില്ലി: ലുഫ്താന്‍സ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസ് വീടിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. അനിസിയ ബത്രയെന്ന യുവതിയെയാണ് ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും അനിസിയയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവ് മയാങ്ക് സിങ്‌വിക്കെതിരെ മകള്‍ക്കെതിരായ പീഡനത്തെക്കുറിച്ച് അനിസിയയുടെ പിതാവ് കഴിഞ്ഞ മാസം പോലീസില്‍ പരാതി നല്‍കിയിരുന്നു.

താന്‍ ജീവനൊടുക്കുകയാണെന്ന് അനിസിയ ഭര്‍ത്താവിന് സന്ദേശമയച്ചിരുന്നു. പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാല്‍ പരസ്പരം വഴക്കുകള്‍ പതിവായിരുന്നെന്നും ആത്്മഹത്യ നടന്ന ദിവസവും വഴക്കിട്ടുരുന്നുവെന്ന് ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കി. ഗുര്‍ഗാവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് ഭര്‍ത്താവ്. രണ്ട് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഭര്‍ത്താവിനേയും കുടുംബത്തേയും ചോദ്യം ചെയ്തു വരികയാണ്.