ദില്ലി: ചീഫ് സെക്രട്ടറിയെ ആം ആദ്മി പാര്‍ട്ടി എം എല്‍എമാര്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തെ ചൊല്ലി ദില്ലിയില്‍ ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രി 10 മണിയോടെ മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തില്‍ പങ്കെടുക്കവേ ആം ആദ്മി പാര്‍ട്ടി എം എല്‍ എമാര്‍ മര്‍ദ്ദിച്ചുവെന്നാണ് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്റെ പരാതി. സര്‍ക്കാരിന്റെ ഒരു പരസ്യത്തിന് അനുമതി കൊടുക്കാത്തതാണ് കാരണമെന്നും അന്‍ഷു പ്രകാശ് ആരോപിച്ചു.

അതിനിടെ, ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പണിമുടക്കിയ ഐഎഎസ്അസോസിയേഷനും സെക്രട്ടറിയേറ്റ് ജീവനക്കാരും ആഭ്യന്തരമന്ത്രിക്കും ഗവര്‍ണര്‍ക്കും നേരിട്ട് പരാതി നല്‍കി. എന്നാല്‍ ബിജെപി അജണ്ട നടപ്പാക്കാന്‍ വേണ്ടിയുള്ള നുണപ്രചാരണം മാത്രമാണിതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

എന്നാല്‍ ആധാറിനെ ചൊല്ലി പാവങ്ങള്‍ക്ക് റേഷന്‍ വിതരണം മുടങ്ങിയതിനെകുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നാണ് സര്‍ക്കാരിന്റെ മറുപടി. മുഖ്യമന്ത്രിയുടേയും എം എല്‍എമാരുടയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ ചീഫ് സെക്രട്ടറി ജനപ്രതിനിധികളെ അവഹേളിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് കുറ്റപ്പെടുത്തുന്നു.

മാത്രമല്ല,. മാത്രമല്ല, സെക്രട്ടറിയേറ്റിനുളളില്‍വെച്ച് മന്ത്രി ഇമ്രാന്‍ ഹുസ്സൈനേയും പാര്‍ട്ടി വക്താവ് ആശിഷ് ഖേതാനെയും ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്നും പാര്‍ട്ടി ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി പൊലീസില്‍ പരാതിയും നല്‍കി. ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ,ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി.